Monday, September 28, 2026

റേഞ്ച് റോവർ വിവാദം: ഷാജിക്ക് തെറ്റുപറ്റിയിട്ടില്ലെന്ന് P.M.A സലാം

മലപ്പുറം: റേഞ്ച് റോവർ വിവാദത്തിൽ മന്ത്രി കെ.എം. ഷാജിക്ക് തെറ്റുപറ്റിയിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. വാഹനം ഉപയോഗിച്ചത് ഔദാര്യം സ്വീകരിച്ചതല്ലെന്നും കേരളം രൂപീകൃതമായ കാലം മുതൽ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിവാദം ഉയർന്നതുകൊണ്ടല്ല, വാഹനത്തിന്റെ ആവശ്യം അവസാനിച്ചതിനാലാണ് മന്ത്രി വാഹനം തിരികെ നൽകിയതെന്നും സലാം വ്യക്തമാക്കി. സർക്കാർ നടപ്പാക്കുന്ന പദ്ധതികളേക്കാൾ വിവാദങ്ങൾക്കാണ് പലപ്പോഴും കൂടുതൽ പ്രാധാന്യം ലഭിക്കുന്നതെന്നും രാഷ്ട്രീയ എതിരാളികളും ചില മാധ്യമങ്ങളുമാണ് വിവാദങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും സലാം പറഞ്ഞു.

അതേസമയം, റേഞ്ച് റോവർ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് മന്ത്രി കെ.എം. ഷാജി നേരത്തെ വിശദീകരണം നൽകിയിരുന്നു. കാറിന് മുന്നിൽ നിൽക്കുന്ന ചിത്രം എഐ ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്നും വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് തനിക്കും കുടുംബത്തിനുമെതിരായ വ്യക്തിഹത്യയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.

വാഹനം ഉപയോഗിച്ചതിൽ ജാഗ്രതക്കുറവുണ്ടായതായി സമ്മതിച്ച ഷാജി, എന്നാൽ സർക്കാർ ഉത്തരവ് പ്രകാരമാണ് വാഹനം ഉപയോഗിച്ചതെന്നും വ്യക്തമാക്കി. വാഹനത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട നിയമവശങ്ങൾ പരിശോധിച്ചിട്ടുണ്ടെന്നും നിയമലംഘനം നടന്നിട്ടുണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കാൻ മാധ്യമങ്ങൾക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിമാർ ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഔദ്യോഗിക പദവി സംബന്ധിച്ചും ഷാജി വിശദീകരിച്ചു. സർക്കാർ ഉത്തരവുകൾ പ്രകാരം മന്ത്രിമാർക്ക് അനുവദിക്കുന്ന വാഹനങ്ങൾ പ്രത്യേകമായി ‘സ്റ്റേറ്റ് കാർ’ എന്ന രീതിയിൽ രജിസ്റ്റർ ചെയ്യണമെന്നില്ലെന്നും നമ്പർ ബോർഡിനും ദേശീയപതാക ഉപയോഗിക്കുന്നതിനും നിശ്ചിത ചട്ടങ്ങൾ ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.

ഔദ്യോഗിക ആനുകൂല്യങ്ങൾ വ്യക്തിഗത ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ പാടില്ലെന്നും എന്നാൽ വ്യക്തിഗത വാഹനങ്ങൾ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിൽ വിലക്കില്ലെന്നും ഷാജി വ്യക്തമാക്കി.

കൂർഗിലേക്കുള്ള യാത്രയ്ക്ക് ആവശ്യമായ അനുമതി വാങ്ങിയിരുന്നുവെന്നും യാത്രയ്ക്ക് സൗകര്യം കണക്കിലെടുത്താണ് വാഹനം ഉപയോഗിച്ചതെന്നും മന്ത്രി പറഞ്ഞു. വാഹനം ഇനി ഉപയോഗിക്കുമോ എന്ന കാര്യത്തിൽ ഇപ്പോൾ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ സർക്കാരിന്റെ കാലത്തും മന്ത്രിമാർ സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്നും ഷാജി അവകാശപ്പെട്ടു. വേൾഡ് മലയാളി ഫോറത്തിന്റെ പരിപാടിയിൽ പങ്കെടുക്കാനാണ് വിദേശയാത്ര നടത്തിയതെന്നും പരിപാടി ബൾഗേറിയയിലായിരുന്നുവെന്നും മന്ത്രി വിശദീകരിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!