നോവസ്കോഷ: നോവസ്കോഷയിലുള്ള പ്രശസ്തമായ കെയ്പ്ബ്രെറ്റൺ ഹൈലാൻഡ്സ് നാഷണൽ പാർക്കിൽ (Cape Breton Highlands National Park) സഞ്ചാരിയെ ആക്രമിച്ച കയോട്ടിയെ പാർക്ക് അധികൃതർ വെടിവെച്ചുകൊന്നു. ആക്രമണം നടന്ന് ദിവസങ്ങൾക്കുള്ളിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് പാർക്സ് കാനഡ ജീവനക്കാർ മൃഗത്തെ കണ്ടെത്തി വധിച്ചത്.
എന്നാൽ ആക്രമണത്തിന് കാരണമായ കയോടി തന്നെയാണോ ഇതെന്ന് സ്ഥിരീകരിക്കാൻ ശാസ്ത്രീയ പരിശോധനകൾ ആവശ്യമാണെന്ന് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ചൊവ്വാഴ്ച പാർക്കിലെ മക്കിന്റോഷ് ബ്രൂക്ക് (MacIntosh Brook) ക്യാമ്പ് സൈറ്റിൽ വച്ചാണ് ഒരു സഞ്ചാരിക്ക് കയോട്ടിയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റത്. നടക്കാനിറങ്ങിയ സഞ്ചാരിയുടെ കാലിൽ കയോട്ടി കടിക്കുകയായിരുന്നു. തുടർന്ന് ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അടച്ചിടൽ തുടരുന്നു
കയോട്ടിയെ വധിച്ചെങ്കിലും മുൻകരുതലിന്റെ ഭാഗമായി പാർക്കിലെ ചില മേഖലകളിൽ ഏർപ്പെടുത്തിയ താൽക്കാലിക അടച്ചിടൽ ഇപ്പോഴും തുടരുകയാണ്. മക്കിന്റോഷ് ബ്രൂക്ക് (MacIntosh Brook), ലോൺ ഷീലിംഗ് (Lone Shieling) എന്നീ പ്രശസ്തമായ ട്രെയിലുകളും, അവയോട് ചേർന്നുള്ള റോഡരികിലെ പാർക്കിങ് ഏരിയകളും പൊതുജനങ്ങൾക്കായി പൂർണ്ണമായും അടച്ചിട്ടിരിക്കുകയാണ്. പ്രദേശത്ത് വന്യജീവികളുടെ സാന്നിധ്യം ഇനിയും ഉണ്ടോ എന്ന് ജീവനക്കാർ നിരീക്ഷിച്ചുവരികയാണ്.

സഞ്ചാരികൾക്ക് ജാഗ്രതാ നിർദ്ദേശം
പാർക്കിലെത്തുന്ന സന്ദർശകർ വന്യമൃഗങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കണമെന്ന് പാർക്സ് കാനഡ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. യാതൊരു കാരണവശാലും മൃഗങ്ങൾക്ക് ഭക്ഷണം നൽകരുതെന്നും, മാലിന്യങ്ങൾ കൃത്യമായ സ്ഥലങ്ങളിൽ മാത്രം നിക്ഷേപിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പെരുമാറ്റം ഒഴിവാക്കണമെന്നും, എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ ഉടൻ തന്നെ പാർക്ക് ജീവനക്കാരെ വിവരമറിയിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
