ഹാലിഫാക്സ്: മിസിസ്സാഗ സീറോ മലബാർ രൂപതയിലെ വൈദികൻ ഫാ. ഡാരിസ് ചെറിയാൻ കനേഡിയൻ സായുധസേനയിൽ (Canadian Armed Forces) മിലിട്ടറി ചാപ്ലെയിനായി ഔദ്യോഗികമായി എൻറോൾ ചെയ്തു.നേവി റിസർവ് ഫോഴ്‌സ് ചാപ്ളിനായിട്ടായിരിക്കും ഹാലിഫാക്‌സിൽ അദ്ദേഹം സേവനം ചെയ്യുക. സെപ്റ്റംബർ 28-ന് വൈകിട്ട് 6 മണിക്ക് ഹാലിഫാക്സിൽ നടന്ന ചടങ്ങിലാണ് എൻറോൾമെന്റ് നടപടികൾ പൂർത്തിയായത്.
ഒന്നര വർഷത്തിലേറെ നീണ്ട കഠിനമായ നടപടിക്രമങ്ങളും തയ്യാറെടുപ്പുകളും വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് ഫാ. ഡാരിസ് ഈ ഉത്തരവാദിത്വത്തിലേക്ക് പ്രവേശിക്കുന്നത്. സുരക്ഷാ പരിശോധന, വിവിധ പരീക്ഷകൾ, അഭിമുഖങ്ങൾ, ശാരീരികവും വൈദ്യപരവും മാനസികവുമായ മൂല്യനിർണ്ണയങ്ങൾ തുടങ്ങി നിരവധി ഘട്ടങ്ങളിലൂടെയാണ് നിയമന നടപടികൾ പൂർത്തിയാക്കിയത്.

മിലിട്ടറി ചാപ്ലെയിനെന്ന നിലയിൽ കനേഡിയൻ സായുധസേനാംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും ആത്മീയവും മാനസികവുമായ പിന്തുണ നൽകുന്നതിനൊപ്പം രാജ്യത്തെയും സമൂഹത്തെയും സേവിക്കാനുള്ള അവസരം ലഭിച്ചതിൽ ഫാ. ഡാരിസ് സന്തോഷവും അഭിമാനവും പ്രകടിപ്പിച്ചു.

തന്റെ നേട്ടത്തിന് പിന്നിൽ പിന്തുണ നൽകിയ എല്ലാവരോടും അദ്ദേഹം നന്ദി അറിയിച്ചു. സർവ്വശക്തനായ ദൈവത്തോടും മിസിസ്സാഗ സീറോ മലബാർ രൂപതയോടും രൂപതാ അധികാരികളോടും മാതാപിതാക്കളോടും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും സ്നേഹവും പിന്തുണയും നൽകിയ എല്ലാവരോടും അദ്ദേഹം കടപ്പാട് രേഖപ്പെടുത്തി. തന്റെ പുതിയ ദൗത്യം വിജയകരമായി തുടരാൻ എല്ലാവരുടെയും പ്രാർത്ഥനകൾ അഭ്യർത്ഥിക്കുന്നതായും ഫാ. ഡാരിസ് പറഞ്ഞു.

കനേഡിയൻ സായുധസേനയിൽ മലയാളി സമൂഹത്തിൽ നിന്നുള്ള ഒരു വൈദികൻ മിലിട്ടറി ചാപ്ലെയിനായി സേവനമനുഷ്ഠിക്കാൻ തിരഞ്ഞെടുക്കപ്പെട്ടത് കനേഡിയൻ മലയാളി സമൂഹത്തിനും മിസിസ്സാഗ സീറോ മലബാർ രൂപതയ്ക്കും അഭിമാനകരമായ നേട്ടമാണ്. ആത്മീയ സേവനത്തിനൊപ്പം രാജ്യസേവനത്തിനും അവസരം ലഭിച്ച ഈ നിയമനം സമൂഹത്തിൽ ശ്രദ്ധേയമായ നേട്ടമായി വിലയിരുത്തപ്പെടുന്നു.കനേഡിയൻ മലയാളികൾ കനേഡിയൻ സായുധ സേനയിൽ കൂടുതൽ പ്രവേശിക്കാനുള്ള പ്രചോദനമായും മാർഗദർശനമായും തൻ്റെ ഈ നിയമനത്തെ കാണുന്നുവെന്നും ഫാദർ ഡാരിസ് കൂട്ടിച്ചേർത്തു.

