Sunday, October 4, 2026

സസ്കാച്വാനിൽ വാഹനാപകടം: യുവതിയും രണ്ട് കുട്ടികളും മരിച്ചു

റെജൈന: സസ്‌കാച്വാനിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ യുവതിയും രണ്ട് പെൺകുട്ടികളും മരിച്ചു. മൂന്ന് വാഹനങ്ങൾ ഉൾപ്പെട്ട അപകടത്തിൽ ഒരു പുരുഷന് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ഒക്ടോബർ 2 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഫോം ലേക്ക് (Foam Lake) പ്രദേശത്തിന് സമീപമാണ് സംഭവം നടന്നത്.

ഫോം ലേക്ക് സ്വദേശികളായ 40 വയസ്സുള്ള യുവതി, എട്ട് വയസ്സുള്ള പെൺകുട്ടി, അഞ്ച് വയസ്സുള്ള പെൺകുട്ടി എന്നിവരാണ് അപകടസ്ഥലത്ത് തന്നെ മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന എസ്‌യുവിയിലേക്ക് മറ്റൊരു ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. ഒരു സെമി ട്രെയിലറിനെ (Semi-trailer) തെറ്റായ രീതിയിൽ മറികടക്കാൻ ശ്രമിച്ച ട്രക്ക് നിയന്ത്രണം വിട്ട് എസ്‌യുവിയിൽ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
എസ്‌യുവിയിൽ ഉണ്ടായിരുന്ന പുരുഷനെ ഗുരുതരമായ പരിക്കുകളോടെ എയർ ആംബുലൻസ് വഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിച്ച ട്രക്കിലുണ്ടായിരുന്ന മൂന്ന് പേർക്കും പരുക്കേറ്റിട്ടുണ്ട്.

അപകടത്തിന് കാരണമായ ട്രക്ക് ഓടിച്ചിരുന്ന സൗത്ത് കരോലിന സ്വദേശിയായ കെല്ലി നോഫ് (40) എന്നയാളെ റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (RCMP) സംഭവസ്ഥലത്തുനിന്നുതന്നെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ അപകടകരമായി വാഹനമോടിച്ച് മരണത്തിനും ഗുരുതരമായ ശാരീരിക പരുക്കുകൾക്കും കാരണമായതുൾപ്പെടെ ആറോളം ക്രിമിനൽ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പ്രതിയെ ഒക്ടോബർ 5 തിങ്കളാഴ്ച യോർക്ടൺ പ്രൊവിൻഷ്യൽ കോടതിയിൽ ഹാജരാക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!