തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ ശാസ്തമംഗലം വാർഡ് കൗൺസിലർ ആർ. ശ്രീലേഖ രാജി പ്രഖ്യാപനം പിൻവലിച്ചു. വാർഡിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ച രാജി സന്ദേശമാണ് പിന്നീട് നീക്കം ചെയ്തത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള നേതാക്കൾ നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് തീരുമാനം മാറിയതെന്നാണ് റിപ്പോർട്ട്.
കൗൺസിലർ സ്ഥാനത്തുനിന്ന് രാജിവെച്ചതായി ശ്രീലേഖ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ നഗരസഭ സെക്രട്ടറിക്ക് ഔദ്യോഗികമായി രാജി സമർപ്പിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ തിരുവനന്തപുരം കോർപറേഷനിലെ ബിജെപി ഭരണത്തെ ബാധിക്കാവുന്ന പ്രതിസന്ധിയാണ് ഒഴിവായത്.
ശ്രീലേഖയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മേയർ വി.വി. രാജേഷ്, പാർട്ടി ജനറൽ സെക്രട്ടറി എസ്. സുരേഷ് എന്നിവർ ചർച്ച നടത്തിയിരുന്നു. കൗൺസിലർ എന്ന നിലയിൽ പ്രവർത്തിക്കുമ്പോഴുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും ആവശ്യമായ പിന്തുണ നൽകുന്നതിനും നേതൃത്വം ഉറപ്പ് നൽകിയതായാണ് വിവരം.

അതേസമയം, രാജി നീക്കത്തിന് പിന്നിലുണ്ടായിരുന്നത് പാർട്ടിയോടുള്ള അഭിപ്രായഭിന്നതയാണോ ആരോഗ്യപ്രശ്നങ്ങളാണോ പ്രധാന കാരണമെന്ന് ശ്രീലേഖ ഇതുവരെ പരസ്യമായി വ്യക്തമാക്കിയിട്ടില്ല. ബിജെപി നേതൃത്വം ആരോഗ്യപ്രശ്നങ്ങളാണ് പ്രധാന കാരണമെന്നാണ് വിശദീകരിക്കുന്നത്.
ശ്രീലേഖയുടെ രാജി പ്രഖ്യാപനത്തെ തുടർന്ന് കോർപറേഷൻ ഭരണത്തിൽ ഭൂരിപക്ഷവുമായി ബന്ധപ്പെട്ട ആശങ്ക ഉയർന്നിരുന്നു. രാജി തീരുമാനം പിൻവലിച്ചതോടെ നിലവിലെ ഭരണക്രമം തുടരാനുള്ള സാഹചര്യമാണുള്ളത്.
