Friday, October 9, 2026

തീപിടിക്കാന്‍ സാധ്യത: കാനഡയില്‍ 48,000-ത്തിലധികം SUVകള്‍ തിരിച്ചുവിളിച്ച് കിയ

ഓട്ടവ: സാങ്കേതിക തകരാറിനെ തുടര്‍ന്ന് കാനഡയില്‍ 48,000-ത്തിലധികം സെല്‍ത്തോസ് (Seltos) എസ്.യു.വികള്‍ തിരിച്ചുവിളിച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ കിയ. ഡ്രൈവര്‍ സീറ്റിനടിയിലെ കണ്‍ട്രോള്‍ യൂണിറ്റില്‍ തീപിടിത്തത്തിന് സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ട്രാന്‍സ്‌പോര്‍ട്ട് കാനഡയുടെ (Transport Canada) നിര്‍ദ്ദേശപ്രകാരം കമ്പനി നടപടി സ്വീകരിച്ചത്.

2024, 2025, 2026 മോഡലുകളിലെ ആകെ 48,070 കിയ സെല്‍ത്തോസ് ഓള്‍-വീല്‍ ഡ്രൈവ് (AWD) വാഹനങ്ങളെയാണ് ഈ തിരിച്ചുവിളിക്കല്‍ ബാധിക്കുന്നത്.

ഡ്രൈവര്‍ സീറ്റിന് താഴെയുള്ള 4WD കണ്‍ട്രോള്‍ യൂണിറ്റിലേക്ക് ഈര്‍പ്പവും ഉപ്പുവെള്ളവും കയറാന്‍ സാധ്യതയുണ്ടെന്നും ഇത് കാലക്രമേണ തുരുമ്പെടുക്കുന്നതിനും ഷോര്‍ട്ട് സര്‍ക്യൂട്ടിനും വഴിവെക്കുമെന്നും കമ്പനി വ്യക്തമാക്കി. വാഹനം പാര്‍ക്ക് ചെയ്ത് എഞ്ചിന്‍ ഓഫ് ചെയ്തു വെച്ചിരിക്കുമ്പോള്‍ പോലും തീപിടിക്കാന്‍ സാധ്യതയുള്ളതിനാല്‍, തകരാര്‍ പരിഹരിക്കുന്നത് വരെ വാഹനങ്ങള്‍ കെട്ടിടങ്ങള്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും സമീപത്തല്ലാതെ തുറസ്സായ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യണമെന്ന് ഉടമകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കത്തുകള്‍ മുഖേന കിയ ഉടമകളെ വിവരമറിയിക്കും. വാഹനങ്ങള്‍ ഡീലര്‍ഷിപ്പുകളിലെത്തിച്ച് സ സൗജന്യ പരിശോധന നടത്തുകയും, ആവശ്യമെങ്കില്‍ ഭാഗങ്ങള്‍ മാറ്റിനല്‍കി കണ്‍ട്രോള്‍ യൂണിറ്റിന് മുകളില്‍ പ്രൊട്ടക്റ്റീവ് കവര്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്യും.

കഴിഞ്ഞ ജൂലൈ മാസത്തിലും സമാനമായ രീതിയില്‍ പവര്‍ സീറ്റ് മോട്ടോറുകളിലെ തകരാര്‍ മൂലം 20,000-ത്തിലധികം ടെല്ലുറൈഡ് (Telluride) വാഹനങ്ങള്‍ കിയ കാനഡയില്‍ തിരിച്ചുവിളിച്ചിരുന്നു. അമേരിക്കയിലും ഇതേ തകരാറിനെ തുടര്‍ന്ന് 4.63 ലക്ഷം ടെല്ലുറൈഡ് വാഹനങ്ങള്‍ തിരിച്ചുവിളിക്കുകയും സീറ്റ് മോട്ടോറുകള്‍ ഉരുകിയതും തീപിടിച്ചതുമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!