പലചരക്ക് സാധനങ്ങളുടെ വിലക്കയറ്റം നേരിടാൻ നാലിന പദ്ധതി പ്രഖ്യാപിച്ച് ടൊറന്റോ മേയർ ഒലിവിയ ചൗ രംഗത്ത് . ഉപഭോക്താക്കൾക്ക് ഭക്ഷ്യവസ്തുക്കൾ വാങ്ങുന്നതിനുള്ള ചെലവ് കുറയ്ക്കുകയും ചെറുകിട, കമ്മ്യൂണിറ്റി പലചരക്ക് കടകൾക്ക് പിന്തുണ നൽകുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നാണ് ചൗ പറയുന്നത് . ജീവിതച്ചെലവ് വർധിക്കുന്ന സാഹചര്യത്തിൽ ഭക്ഷ്യവില നഗരത്തിലെ പ്രധാന രാഷ്ട്രീയ വിഷയങ്ങളിലൊന്നായി മാറിയിട്ടുണ്ട്.

വിലനിർണയത്തിൽ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിക്കുന്ന ‘സർവൈലൻസ് പ്രൈസിങ്’ രീതിക്ക് നിയന്ത്രണമേർപ്പെടുത്തുക, കമ്മ്യൂണിറ്റി പലചരക്ക് കടകൾക്ക് പ്രോപ്പർട്ടി നികുതിയിൽ ഇളവുകൾ നൽകുക തുടങ്ങിയ നിർദേശങ്ങൾ പദ്ധതിയിൽ ഉൾപ്പെടുന്നു. ഉപഭോക്താക്കളുടെ സാമ്പത്തിക സാഹചര്യങ്ങളെയോ ഓൺലൈൻ പ്രവർത്തനങ്ങളെയോ അടിസ്ഥാനമാക്കി വ്യത്യസ്ത വിലകൾ ഈടാക്കുന്ന രീതികളെക്കുറിച്ചുള്ള ആശങ്കകളാണ് സർവൈലൻസ് പ്രൈസിങ് സംബന്ധിച്ച ചർച്ചകൾക്ക് പിന്നിൽ.

ഭക്ഷ്യവില വർധിക്കുന്നതിനാൽ ചില കുടുംബങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ പോലും വാങ്ങാൻ ബുദ്ധിമുട്ടുണ്ടാകുന്നുവെന്ന് ചൗ ചൂണ്ടിക്കാട്ടി. എന്നാൽ ഇത്തരം നടപടികൾ നടപ്പാക്കാനുള്ള അധികാരം നഗരസഭയ്ക്ക് എത്രത്തോളമുണ്ടെന്നും അവ വിലയിൽ എത്രത്തോളം മാറ്റമുണ്ടാക്കുമെന്നും സംബന്ധിച്ച ചോദ്യങ്ങൾ ഉയരുന്നുണ്ട് . എതിരാളികൾ പദ്ധതിയെ വിമർശിക്കുന്ന സാഹചര്യത്തിൽ, ഉപഭോക്താക്കൾക്കും ചെറുകിട വ്യാപാരികൾക്കും ഇതിന്റെ പ്രയോജനം എത്രത്തോളം ലഭിക്കുമെന്നത് തുടർനടപടികളെ ആശ്രയിച്ചിരിക്കും.

