Thursday, October 15, 2026

മാസപ്പടി കേസ്: പിണറായിക്കും റിയാസിനും എതിരെ കേസെടുത്ത് ED

കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസിനുമെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. ഇരുവർക്കുമെതിരെ രണ്ട് വ്യത്യസ്ത ഇസിഐആർ രജിസ്റ്റർ ചെയ്തു. എക്സാലോജിക് കമ്പനി വഴി 3.28 കോടി രൂപ പിണറായി വിജയന് കൈക്കൂലിയായി ലഭിച്ചെന്നാണ് ഇഡിയുടെ ആരോപണം.

സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കേസിൽ അഴിമതി നിരോധന നിയമപ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇ ഡി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകൻ കെ.എം. ഷാജഹാൻ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.

കേസുമായി ബന്ധപ്പെട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇ ഡി നേരത്തേ സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ, വിഷയം സംസ്ഥാന സർക്കാരിന്റെ പരിഗണനയ്ക്ക് വിടുകയായിരുന്നു. ഇതിന് പിന്നാലെയാണ് കേസ് ഹൈക്കോടതിയുടെ പരിഗണനയിലെത്തിയത്.

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം നേരത്തേ പൂർത്തിയാക്കിയതായും വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യുന്നതിന് ആവശ്യമായ രേഖകളും ഡയറിക്കുറിപ്പുകളും കൈമാറിയതായും ഇ ഡി കോടതിയെ അറിയിച്ചിരുന്നു. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാൽ രേഖപ്പെടുത്തിയ മൊഴികൾ ഉൾപ്പെടെയുള്ള കൂടുതൽ തെളിവുകൾ കൈമാറാൻ തയ്യാറാണെന്നും അന്വേഷണ ഏജൻസി വ്യക്തമാക്കിയിരുന്നു.

ഇ ഡിയുടെ കണ്ടെത്തലുകൾ പരിശോധിച്ച ഹൈക്കോടതി, ഇനി പ്രാഥമിക അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് സമഗ്രമായ അന്വേഷണം നടത്തണമെന്നും നിർദേശിച്ചു. ഈ ഉത്തരവിനെതിരെ പിണറായി വിജയനും മുഹമ്മദ് റിയാസും ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!