Thursday, October 15, 2026

ഇനി അമൂലിനും വെല്ലുവിളി; 20 രൂപയ്ക്ക് ഫ്ലേവേർഡ് മിൽക്കുമായി റിലയൻസ്

ചെന്നൈ: ശീതളപാനീയ വിപണിയിൽ കാംപ കോളയിലൂടെ സാന്നിധ്യം ശക്തമാക്കിയതിന് പിന്നാലെ പാൽ അധിഷ്ഠിത പാനീയ വിപണിയിലേക്കും ചുവടുവെച്ച് റിലയൻസ്. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉപഭോക്തൃ ഉൽപ്പന്ന വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ് (RCPL) ‘ജോയ്‌ലാൻഡ്’ എന്ന ബ്രാൻഡിൽ ഫ്ലേവേർഡ് മിൽക്ക് വിപണിയിലെത്തിക്കുന്നു. 20 രൂപയാണ് ഉൽപ്പന്നത്തിന്റെ പ്രാരംഭ വില.

തമിഴ്നാട്ടിലാണ് ജോയ്‌ലാൻഡിന്റെ ആദ്യഘട്ട വിപണനത്തിന് തുടക്കമിട്ടിരിക്കുന്നത്. സ്ട്രോബെറി, വാനില തുടങ്ങിയ രുചികളിൽ ലഭ്യമാകുന്ന ഉൽപ്പന്നത്തിലൂടെ റെഡി-ടു-ഡ്രിങ്ക് ഡയറി വിഭാഗത്തിൽ സാന്നിധ്യം ഉറപ്പിക്കാനാണ് റിലയൻസിന്റെ നീക്കം.

അമൂൽ ഉൾപ്പെടെയുള്ള ബ്രാൻഡുകൾക്ക് മത്സരം

ഫ്ലേവേർഡ് മിൽക്ക് വിപണിയിൽ ശക്തമായ സാന്നിധ്യമുള്ള അമുൽ, ഐടിസി, മദർ ഡയറി, നന്ദിനി, കവിൻസ് തുടങ്ങിയ ബ്രാൻഡുകൾക്ക് റിലയൻസിന്റെ പ്രവേശനം പുതിയ മത്സരത്തിന് വഴിയൊരുക്കും. കുറഞ്ഞ വിലയും വിപുലമായ വിതരണശൃംഖലയും പ്രയോജനപ്പെടുത്തി കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നാണ് വിലയിരുത്തൽ.

നേരത്തേ 10 രൂപയുടെ കാംപ കോളയിലൂടെ ശീതളപാനീയ വിപണിയിൽ കുറഞ്ഞ വിലയുടെ തന്ത്രവുമായി റിലയൻസ് എത്തിയിരുന്നു. പ്രമുഖ ബ്രാൻഡുകളുമായി മത്സരിച്ച് വിപണിയിൽ ഇടം നേടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇപ്പോൾ പാൽ അധിഷ്ഠിത പാനീയങ്ങളിലേക്കും ബിസിനസ് വ്യാപിപ്പിക്കുന്നത്.

രാജ്യവ്യാപക വിപുലീകരണത്തിന് നീക്കം

പുതിയ ഉൽപ്പന്നങ്ങളിലൂടെ ഉപഭോക്തൃ ഉൽപ്പന്ന വിഭാഗത്തിലെ വളർച്ച വേഗത്തിലാക്കാനും വിപണിയിലെ സാന്നിധ്യം വർധിപ്പിക്കാനുമാണ് റിലയൻസ് ലക്ഷ്യമിടുന്നത്. തമിഴ്നാട്ടിൽ ആരംഭിച്ച വിപണനം ഘട്ടംഘട്ടമായി രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് പദ്ധതിയെന്നാണ് റിപ്പോർട്ടുകൾ.

ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന വിലയിൽ കൂടുതൽ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം ഗുണനിലവാരത്തിനും വിതരണത്തിനും പ്രാധാന്യം നൽകാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ജോയ്‌ലാൻഡിന്റെ വിപണി പ്രവേശനം ഫ്ലേവേർഡ് മിൽക്ക് വിഭാഗത്തിലെ വിലമത്സരത്തെയും ബ്രാൻഡുകൾ തമ്മിലുള്ള മത്സരത്തെയും കൂടുതൽ ശക്തമാക്കുമോയെന്നാണ് ഇനി ഉറ്റുനോക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!