എഡ്മിന്റന്: ആൽബർട്ട പ്രവിശ്യയിലുള്ള സി.എഫ്.ബി. വെയ്ൻറൈറ്റ് സൈനിക താവളത്തിലെ പരിശീലന മേഖലയിലുണ്ടായ വൻ തീപിടിത്തത്തിൽ നിരവധി പേർ മരിക്കുകയും ഒട്ടേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. മരണപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും കൃത്യമായ എണ്ണം അധികൃതർ പുറത്തുവിട്ടിട്ടില്ല.
കനേഡിയൻ സായുധസേനയുടെ അറിയിപ്പനുസരിച്ച്, പ്രാദേശിക സമയം വൈകുന്നേരം നാലുമണിയോടെ ആരംഭിച്ച തീ അതിവേഗം പടരുകയായിരുന്നു. അപകടത്തെത്തുടർന്ന് സൈനികർക്കും മറ്റ് ജീവനക്കാർക്കും പരുക്കേറ്റു. അടുത്ത ബന്ധുക്കളെ വിവരം അറിയിക്കുന്ന നടപടികൾ പൂർത്തിയാകുന്നതുവരെ കൂടുതൽ വിവരങ്ങൾ പുറത്തുവിടില്ലെന്ന് അധികൃതർ അറിയിച്ചു.
എഡ്മിന്റനിൽ അടിയന്തര ചികിത്സാ സംവിധാനം
പരുക്കേറ്റവരുടെ എണ്ണം വർധിച്ചതോടെ എഡ്മിന്റനിലെ ആശുപത്രികളിൽ ‘കോഡ് ഓറഞ്ച്’ പ്രഖ്യാപിച്ചു. വലിയൊരു ദുരന്തത്തെത്തുടർന്ന് ഒരേസമയം നിരവധി പേർക്ക് അടിയന്തര ചികിത്സ നൽകേണ്ടിവരുമ്പോഴാണ് ഈ സംവിധാനം നടപ്പാക്കുന്നത്. പരുക്കേറ്റവരെ നഗരത്തിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റുകയും അധിക മെഡിക്കൽ സംഘങ്ങളെ വിന്യസിക്കുകയും ചെയ്തു.
വെയ്ൻറൈത്തിലെ പ്രാദേശിക ആരോഗ്യസംവിധാനങ്ങൾ രോഗികളുടെ തിരക്ക് കാരണം വലിയ സമ്മർദത്തിലായതായി എമർജൻസി വിഭാഗം ഡോക്ടർ വാറൻ തിർസ്ക് പറഞ്ഞു. 15 മുതൽ 25 വർഷത്തിനിടയിൽ ഒരിക്കൽ സംഭവിക്കാവുന്ന തരത്തിലുള്ള വലിയ ദുരന്തമാണിതെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
യൂണിവേഴ്സിറ്റി ഓഫ് ആൽബർട്ട ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അടിയന്തര ചികിത്സ ആവശ്യമില്ലാത്തവർ മറ്റ് ചികിത്സാ സംവിധാനങ്ങൾ തേടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

സൈനികരെ ബാധിച്ച ദുരന്തം
സംഭവത്തിൽ നിരവധി സൈനികരെ ബാധിച്ചതായി ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് പ്രതികരിച്ചു. തീപിടിത്തം ഗുരുതരമായ സംഭവമാണെന്ന് പ്രധാനമന്ത്രി മാർക്ക് കാർണിയും വ്യക്തമാക്കി. ദുരന്തത്തിൽപ്പെട്ടവർക്കും അവരുടെ കുടുംബങ്ങൾക്കും ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിനാണ് മുൻഗണനയെന്ന് കനേഡിയൻ സായുധസേന അറിയിച്ചു.
വെയ്ൻറൈത്ത് നഗരത്തിലെ അഗ്നിരക്ഷാസേനയും മറ്റ് അടിയന്തര സേവനവിഭാഗങ്ങളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. തീ നിയന്ത്രണവിധേയമാക്കിയെങ്കിലും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സംഭവസ്ഥലത്തേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കാൻ അധികൃതർ നിർദേശം നൽകി.
അന്വേഷണവുമായി അധികൃതർ
സൈനിക പരിശീലനത്തിനായി ഉപയോഗിക്കുന്ന വിശാലമായ മേഖലയാണ് സി.എഫ്.ബി. വെയ്ൻറൈത്ത്. വിവിധ സൈനിക പരിശീലനങ്ങൾ ഇവിടെ നടക്കാറുണ്ട്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
സംഭവത്തിന്റെ സാഹചര്യങ്ങൾ പരിശോധിച്ചുവരികയാണെന്നും മരണപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും കണക്കുകൾ ബന്ധുക്കളെ അറിയിക്കുന്ന നടപടികൾ പൂർത്തിയായശേഷം പുറത്തുവിടുമെന്നും അധികൃതർ അറിയിച്ചു.
