വൻകൂവർ: ബ്രിട്ടീഷ് കൊളംബിയയിലെ കെലോണ നഗരത്തിൽ മേയർ തിരഞ്ഞെടുപ്പിൽ ടോം ഡയാസ് വീണ്ടും വിജയിച്ചു. കടുത്ത മത്സരത്തിൽ മുൻ കൗൺസിലർ റോൺ കന്നനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം അധികാരം നിലനിർത്തിയത്. പ്രാഥമിക ഫലങ്ങൾ പ്രകാരം ഡയാസിന് 19,451 വോട്ടും കന്നന് 18,482 വോട്ടും ലഭിച്ചു.
2022-ൽ പൊതുസുരക്ഷയ്ക്ക് മുൻഗണന നൽകുമെന്ന വാഗ്ദാനത്തോടെയാണ് ഡയാസ് ആദ്യമായി മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. പുതിയ ഭരണകാലത്തും നഗരത്തിലെ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനായിരിക്കും പ്രധാന പരിഗണനയെന്ന് വിജയത്തിനുശേഷം അദ്ദേഹം വ്യക്തമാക്കി.
ലഹരിവിരുദ്ധ നടപടികൾക്ക് മുൻഗണന
നഗരത്തിൽ പരസ്യമായ മയക്കുമരുന്ന് ഉപയോഗം തടയുന്നതിനും ലഹരിക്ക് അടിമപ്പെട്ടവർക്ക് ചികിത്സയും പുനരധിവാസവും ഉറപ്പാക്കുന്നതിനും മുൻഗണന നൽകുമെന്ന് ഡയാസ് പറഞ്ഞു. നഗരത്തിലെ ലഹരി ഉപയോഗ കേന്ദ്രം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഫെഡറൽ സർക്കാരിന് അദ്ദേഹം കത്തയച്ചിരുന്നു.
പൊലീസ് ചെലവുകൾ നിയന്ത്രിക്കുന്നതിനൊപ്പം സുരക്ഷാ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ‘ടയേർഡ് പൊലീസിങ്’, ഓക്സിലറി പൊലീസിങ് തുടങ്ങിയ രീതികൾ നടപ്പാക്കാനും പദ്ധതിയുണ്ട്. ഡൗൺടൗൺ, റട്ട്ലാൻഡ് മേഖലകളിൽ 24 മണിക്കൂറും പട്രോളിങ് ഉറപ്പാക്കുന്നതിനായി പൊലീസ് ഉദ്യോഗസ്ഥർ, അഗ്നിരക്ഷാസേനാംഗങ്ങൾ, ബൈലോ ഓഫീസർമാർ എന്നിവരുൾപ്പെടെ 75 മുൻനിര ഉദ്യോഗസ്ഥരെ അധികമായി നിയമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ഗതാഗതക്കുരുക്കിന് പരിഹാരം
നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി ക്ലെമന്റ് ക്രോസ്ടൗൺ കണക്റ്റർ പദ്ധതിക്ക് മുൻഗണന നൽകുമെന്ന് ഡയാസ് പറഞ്ഞു. ഒകനാഗൻ തടാകത്തിന് കുറുകെ രണ്ടാമത്തെ പാലം നിർമിക്കുന്നതിനായി പ്രവിശ്യാ സർക്കാരിൽ സമ്മർദം ചെലുത്താനും പദ്ധതിയുണ്ട്. പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബസുകളുടെ എണ്ണം 230 ആയി ഉയർത്താനും ലക്ഷ്യമിടുന്നു.
ഭവനപദ്ധതികൾക്കും സുതാര്യതയ്ക്കും ഊന്നൽ
ആദ്യമായി വീട് വാങ്ങുന്നവർക്ക് താങ്ങാനാവുന്ന നിരക്കിൽ ഭവനം ലഭ്യമാക്കുന്നതിനുള്ള നികുതിയിളവുകൾ തുടരുമെന്നും ഡയാസ് അറിയിച്ചു. നഗരസഭയുടെ പ്രവർത്തനങ്ങളിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനും പുതിയ ഭരണസമിതി ശ്രദ്ധ നൽകും.
പൊതുസുരക്ഷ, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, ഗതാഗത വികസനം, ഭവനലഭ്യത എന്നിവയ്ക്ക് മുൻഗണന നൽകുന്ന വികസനനയങ്ങളുമായാണ് ടോം ഡയാസ് പുതിയ ഭരണകാലത്തേക്ക് കടക്കുന്നത്.
