Tuesday, October 20, 2026

കോവളം സ്പാ പീഡനക്കേസ്: പെണ്‍കുട്ടിയെ തിരുവനന്തപുരത്ത് എത്തിച്ചത് സ്പാ ഉടമ സജിത്തെന്ന് പൊലീസ്

തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തിരുവനന്തപുരത്ത് എത്തിച്ചത് കേസിൽ നേരത്തേ അറസ്റ്റിലായ സ്പാ ഉടമ സജിത്തെന്ന് പൊലീസ് കണ്ടെത്തി. പെൺകുട്ടിയുടെ മാതൃസഹോദരിയുമായി സജിത്തിനെ പരിചയപ്പെടുത്തിയത് ബെംഗളൂരുവിലുള്ള ഒരു യുവതിയാണെന്നും തുടർന്ന് സജിത്തും യുവതിയും ചേർന്നാണ് കുടുംബത്തെ കോവളത്ത് എത്തിച്ചതെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു.

പെൺകുട്ടിയെ ചെന്നൈ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരം. എന്നാൽ, കുട്ടിയെ ചെന്നൈയിലേക്ക് കൊണ്ടുപോയിട്ടില്ലെന്നാണ് മാതൃസഹോദരി പൊലീസിന് നൽകിയ മൊഴി. ഈ വൈരുധ്യം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

കഴിഞ്ഞ ഒരു വർഷത്തോളമായി കോവളത്തെ മൂന്ന് സ്പാകളിൽ പെൺകുട്ടി പീഡനത്തിന് ഇരയായെന്നാണ് പൊലീസിന് ലഭിച്ച വിവരം. ആയുര്‍കേരള, ഡാലിയ ഹോം, കേരള ആയുര്‍വേദ എന്നീ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

16കാരി മനുഷ്യക്കടത്തിന് ഇരയായെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ മനുഷ്യക്കടത്ത് കുറ്റവും ചുമത്തിയിട്ടുണ്ട്. കോൾ ഡീറ്റെയിൽ റെക്കോർഡുകൾ (CDR) ഉൾപ്പെടെയുള്ള തെളിവുകൾ പരിശോധിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

മാതാപിതാക്കൾ മരിച്ച പെൺകുട്ടിയുടെ സംരക്ഷണച്ചുമതല മാതൃസഹോദരിയും ഭർത്താവുമാണ് ഏറ്റെടുത്തിരുന്നത്. പീഡനം സഹിക്കാനാകാതെ വന്നതോടെ കോവളത്ത് പരിചയപ്പെട്ട യുവാവിനോട് പെൺകുട്ടി ദുരനുഭവങ്ങൾ വെളിപ്പെടുത്തുകയും ഇയാൾക്കൊപ്പം പോവുകയുമായിരുന്നു.

തുടർന്ന് മാതൃസഹോദരി നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് പെൺകുട്ടിയുടെ യഥാർഥ പ്രായം സംബന്ധിച്ച നിർണായക വിവരം പുറത്തുവന്നത്. 16 വയസും 20 വയസും രേഖപ്പെടുത്തിയ രണ്ട് ആധാർ കാർഡുകൾ പെൺകുട്ടിയുടെ കൈവശമുണ്ടായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്.

പരിശോധനയിൽ പെൺകുട്ടിക്ക് 16 വയസാണെന്ന് സ്ഥിരീകരിച്ചതോടെ കുട്ടിയെ ഷെൽട്ടറിലേക്ക് മാറ്റി. തുടർന്ന് നടത്തിയ കൗൺസിലിങ്ങിലാണ് ദീർഘകാലമായി നേരിട്ട പീഡനങ്ങളെക്കുറിച്ച് പെൺകുട്ടി വെളിപ്പെടുത്തിയത്. കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരുന്നതിനായി അന്വേഷണം തുടരുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!