ഓട്ടവ: കാലാവസ്ഥാ വ്യതിയാനം കാരണം കാനഡയില്‍ കാട്ടുതീ പുകയുമായി ബന്ധപ്പെട്ട മരണങ്ങളില്‍ 275 ശതമാനത്തിന്റെ വര്‍ധനയുണ്ടായതായി പുതിയ പഠന റിപ്പോര്‍ട്ട്. പ്രമുഖ മെഡിക്കല്‍ ജേണലായ ‘ദി ലാന്‍സെറ്റ്’ ചൊവ്വാഴ്ച പുറത്തുവിട്ട ആഗോള ഗവേഷണ റിപ്പോര്‍ട്ടിലാണ് പ്രകൃതി ദുരന്തങ്ങളും ആരോഗ്യ പ്രശ്നങ്ങളും തമ്മിലുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്.
റിപ്പോര്‍ട്ട് പ്രകാരം, 2021-25 കാലയളവില്‍ പ്രതിവര്‍ഷം ശരാശരി 4,000 മരണങ്ങളാണ് കാനഡയില്‍ കാട്ടുതീ പുകയുമായി ബന്ധപ്പെട്ട് സംഭവിച്ചിട്ടുള്ളത്. 2003-12 കാലഘട്ടത്തില്‍ ഇത് പ്രതിവര്‍ഷം 1,050 മാത്രമായിരുന്നു.
ജനസംഖ്യയെ മൊത്തത്തില്‍ ബാധിക്കുന്ന പ്രതിഭാസം
കേസുകള്‍ ഓരോന്നായി എണ്ണിത്തിട്ടപ്പെടുത്തുന്നതിന് പകരം, ചരിത്രപരമായ രേഖകളുമായി താരതമ്യം ചെയ്ത് കാട്ടുതീ പുകയുള്ള സമയങ്ങളില്‍ അധികമായി എത്ര പേര് മരണപ്പെടുന്നു എന്ന് വിശകലനം ചെയ്യുകയാണ് പഠനം നടത്തിയത് എന്ന് ഇതിന്റെ സഹരചയിതാവും ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ ഗ്ലോബല്‍ ഹെല്‍ത്ത് ചെയറുമായ ഇയാന്‍ ഹാമില്ട്ടണ് പറഞ്ഞു. ഒരു വ്യക്തിയുടെ മരണത്തിന് നേരിട്ടുള്ള കാരണം പുകയാകണമെന്നില്ലെങ്കിലും, ജനസംഖ്യാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഈ സമയങ്ങളില്‍ മരണനിരക്ക് വളരെ കൂടുതലാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ചൂട് കൂടുന്നു
2024-ല്‍ മാത്രം കാനഡയ്ക്ക് ഏകദേശം 52 ലക്ഷം ഹെക്ടര്‍ മരങ്ങള്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇത് 2016-നേക്കാള്‍ 148 ശതമാനം കൂടുതലാണ്. ഇതില്‍ 86 ശതമാനം നാശനഷ്ടവും കാട്ടുതീ മൂലമായിരുന്നു. തണല്‍ നല്കുന്ന മരങ്ങള്‍ നഷ്ടപ്പെടുന്നത് കഠിനമായ ചൂടില്‍ നിന്നുള്ള സ്വാഭാവിക ആശ്വാസ മാര്‍ഗ്ഗങ്ങളെയാണ് ഇല്ലാതാക്കുന്നത്.
തീവ്രമായ ചൂടില്‍ ആളുകള്‍ വ്യായാമം ചെയ്യുകയോ കഠിനാധ്വാനം ചെയ്യുകയോ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അപകടസാധ്യതയും വര്‍ധിച്ചിട്ടുണ്ട്. 1990-കളെ അപേക്ഷിച്ച് 2016-25 കാലയളവില്‍ ഉയര്‍ന്ന ചൂടില്‍ ശാരീരിക അധ്വാനം ചെയ്യുന്ന സമയം പ്രതിവര്‍ഷം 36 മണിക്കൂര്‍ വര്‍ധിച്ചു.
കായികതാരങ്ങളായ യുവാക്കള്‍ ചൂടിനെ ഗൗനിക്കാതെ മുന്നോട്ട് പോകാന്‍ ശ്രമിക്കുന്നത് മരണത്തിന് വരെ കാരണമാകാമെന്ന് ഗ്ലോബല്‍ ക്ലൈമറ്റ് ആന്‍ഡ് ഹെല്‍ത്ത് അലയന്‍സ് ചെയറും കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന് പ്രസിഡന്റ്-ഇലക്ടുമായ ഡോ. കോര്‍ട്ട്നി ഹൊവാര്‍ഡ് മുന്നറിയിപ്പ് നല്കുന്നു. ഹരിതഗൃഹ വാതക പുറന്തള്ളലില്‍ കുറവുണ്ടാകാത്തതിനാല്‍ ആഗോളതാപനത്തിലും പ്രകൃതി ദുരന്തങ്ങളിലും ആശ്വാസകരമായ മാറ്റങ്ങള്‍ പ്രകടമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തീവ്രമായ ചൂടും അമിത ഈര്‍പ്പവും (ആര്‍ദ്രത) കുട്ടികളില്‍ ആസ്ത്മ പോലുള്ള രോഗങ്ങള്‍ വഷളാക്കാനും അപ്രതീക്ഷിത ആരോഗ്യ പ്രതിസന്ധികള്‍ സൃഷ്ടിക്കാനും ഇടയാക്കുന്നുണ്ടെന്ന് പീഡിയാട്രീഷ്യനായ ഡോ. അന്നാ ഗണ്‍സും സാക്ഷ്യപ്പെടുത്തുന്നു.
