അബുദാബി: അറേബ്യന്‍ ഗള്‍ഫില്‍ ഖത്തര്‍ ഗ്യാസ് ട്രാന്‍സ്പോര്‍ട്ട് കമ്പനിയുടെ (നഖിലത്) ഉടമസ്ഥതയിലുള്ള ‘അല്‍ മായേദ’ എന്ന ലിക്വിഫൈഡ് നാച്ചുറല്‍ ഗ്യാസ് (എല്‍എന്‍ജി) ടാങ്കറിന് നേരെ ഉണ്ടായ ആക്രമണത്തെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് ശക്തമായ ഭാഷയില്‍ അപലപിച്ചു.
കടല്‍മാര്‍ഗമുള്ള ഗതാഗതത്തിന്റെയും ആഗോള ഊര്‍ജ വിതരണത്തിന്റെയും സുരക്ഷയ്ക്ക് ഈ ആക്രമണം കനത്ത ഭീഷണിയാണെന്നും ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. സുപ്രധാന ജലപാതകളുടെ സുരക്ഷയും സ്ഥിരതയും തകര്‍ക്കാനുദ്ദേശിച്ചുള്ള അപകടകരമായ നടപടിയാണിതെന്നും മന്ത്രാലയം വിശേഷിപ്പിച്ചു.

ഖത്തറിന് പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച യുഎഇ, അന്താരാഷ്ട്ര നിയമങ്ങള്‍ കൃത്യമായി പാലിക്കേണ്ടതിന്റെയും വാണിജ്യ കപ്പലുകള്‍, ഊര്‍ജ ടാങ്കറുകള്‍, അവയിലെ ജീവനക്കാര്‍ എന്നിവരുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെയും ആവശ്യകത ഊന്നിപ്പറഞ്ഞു. സമുദ്രഗതാഗതത്തിലോ ഊര്‍ജ വിതരണത്തിലോ ഉണ്ടാകുന്ന ഏത് തടസ്സവും ഒഴിവാക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു.
