Monday, November 2, 2026

ആയിരക്കണക്കിന് OSAP അപേക്ഷകൾ ഒരേ IP വിലാസത്തിൽ നിന്ന്; സ്വകാര്യ കോളേജുകൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഒൻ്റാരിയോ സർക്കാർ

ടൊറന്റോ: ഒൻ്റാരിയോയിലെ സ്വകാര്യ കരിയർ കോളേജുകളുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് വിദ്യാർഥി സാമ്പത്തിക സഹായ അപേക്ഷകൾ ഒരേ IP വിലാസത്തിൽ നിന്ന് സമർപ്പിച്ചതായി പ്രവിശ്യാ സർക്കാർ. Academy of Learning-ന്റെ മൂന്ന് ക്യാമ്പസുകളിലെ OSAP അപേക്ഷകളിലാണ് അസാധാരണമായ ഈ രീതി കണ്ടെത്തിയതെന്നാണ് കോടതിയിൽ സമർപ്പിച്ച രേഖകളിൽ സർക്കാർ ആരോപിക്കുന്നത്.

2025–26 അധ്യയന വർഷത്തെ അപേക്ഷകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ബ്രാംപ്ടൺ ഈസ്റ്റ് ക്യാമ്പസിൽ ലഭിച്ച 6,001 അപേക്ഷകളിൽ 3,136 എണ്ണവും (52 ശതമാനം) ഒരേ IP വിലാസത്തിൽ നിന്നാണ് സമർപ്പിച്ചതെന്ന് മന്ത്രാലയം ആരോപിക്കുന്നു. നോർത്ത് യോർക്ക് ക്യാമ്പസിൽ 6,070 അപേക്ഷകളിൽ 3,460 എണ്ണവും (57 ശതമാനം) ഒരേ IP വിലാസത്തിൽ നിന്നായിരുന്നു. ടൊറന്റോയിലെ ബേ സ്ട്രീറ്റ് ക്യാമ്പസിൽ 6,966 അപേക്ഷകളിൽ 1,736 എണ്ണവും (25 ശതമാനം) ഒരേ IP വിലാസത്തിൽ നിന്നാണ് ലഭിച്ചത്.

ഒരേ റിക്രൂട്ടർ വഴി കോളേജിലെത്തിയ വിദ്യാർഥികളുടെ അപേക്ഷകളിൽ സമാനമായ IP വിലാസങ്ങളുടെ ഉപയോഗം കണ്ടെത്തിയതായും മന്ത്രാലയം പറയുന്നു. വിദ്യാർഥികൾക്കുവേണ്ടി റിക്രൂട്ടർമാർ OSAP അപേക്ഷകൾ സമർപ്പിക്കുകയും അക്കൗണ്ടുകളിൽ രേഖകൾ അപ്‌ലോഡ് ചെയ്യുകയും ഓൺലൈൻ കോഴ്‌സ് ജോലികൾ പൂർത്തിയാക്കുകയും ചെയ്തതായി 2024 ജനുവരി മുതൽ ലഭിച്ച പരാതികളിലും വിവരങ്ങളിലുമുണ്ടെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.

മൂന്ന് ക്യാമ്പസുകളുമായി ബന്ധപ്പെട്ട് 220-ലധികം പരാതികളും വിവരങ്ങളും അന്വേഷണ റഫറലുകളും ലഭിച്ചതായും മന്ത്രാലയം വെളിപ്പെടുത്തി. ചില റിക്രൂട്ടർമാർ OSAP സാമ്പത്തിക സഹായത്തെ വിദ്യാർഥികളെ ആകർഷിക്കാനുള്ള മാർഗമായി ഉപയോഗിച്ചെന്ന ആരോപണങ്ങളും ഇതിലുണ്ട്.

ആരോപണങ്ങൾ നിഷേധിച്ച് കോളേജ്

അതേസമയം, ഒരേ IP വിലാസത്തിൽ നിന്ന് ഒന്നിലധികം അപേക്ഷകൾ വന്നതുകൊണ്ടുമാത്രം ക്രമക്കേടോ തെറ്റായ പ്രവർത്തനമോ തെളിയിക്കാനാവില്ലെന്നാണ് Academy of Learning-ന്റെ നിലപാട്. ഒരേ സ്ഥലത്തുനിന്ന് നിരവധി പേർ അപേക്ഷ സമർപ്പിക്കുമ്പോൾ IP വിലാസം പങ്കിടപ്പെടാൻ സാധ്യതയുണ്ടെന്നും കോളേജ് നേരത്തെ മന്ത്രാലയത്തിന് നൽകിയ മറുപടിയിൽ വ്യക്തമാക്കിയിരുന്നു.

ആരോപണങ്ങളെത്തുടർന്ന് ചില റിക്രൂട്ടർമാരുമായുള്ള ബന്ധം അവസാനിപ്പിച്ചതായും പ്രവേശന നടപടികളിൽ കൂടുതൽ പരിശോധനകൾ ഏർപ്പെടുത്തിയതായും കോളേജ് നേരത്തെ അറിയിച്ചിട്ടുണ്ട്. പുതിയ കോടതി രേഖകളിലെ ആരോപണങ്ങളിൽ പ്രതികരിക്കാൻ കോളേജ് തയ്യാറായിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ആരോപണങ്ങളൊന്നും കോടതിയിൽ തെളിയിക്കപ്പെട്ടിട്ടില്ല.

OSAP ഫണ്ടിങ് നിയന്ത്രണത്തിൽ

ഒൻ്റാരിയോയിലെ കോളേജുകളുടെയും സർവകലാശാലകളുടെയും മന്ത്രി നോളൻ ക്വിൻ വിഷയത്തിൽ കൂടുതൽ പരിശോധനകൾക്ക് ഉത്തരവിട്ടിട്ടുണ്ട്. OSAP പണമിടപാടുകളുമായി ബന്ധപ്പെട്ട് KPMG-യെ സ്വതന്ത്ര ഓഡിറ്റിനായി നിയോഗിക്കുകയും വിഷയം ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസിന് (OPP) കൈമാറുകയും ചെയ്തിട്ടുണ്ട്. ഓഡിറ്റ് തുടരുന്നതിനിടെ സ്വകാര്യ പോസ്റ്റ്-സെക്കൻഡറി സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട OSAP പേയ്‌മെന്റുകൾ സർക്കാർ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

സ്വകാര്യ കരിയർ കോളേജുകളിലെ OSAP ദുരുപയോഗം സംബന്ധിച്ച ആശങ്കകൾ ഉയർന്നതിനെത്തുടർന്ന് ആറ് ക്യാമ്പസുകളുടെ OSAP യോഗ്യത 2026 മേയിൽ റദ്ദാക്കിയിരുന്നു. സ്വകാര്യ പോസ്റ്റ്-സെക്കൻഡറി സ്ഥാപനങ്ങൾക്ക് ഭാവിയിൽ കൂടുതൽ കർശനമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

OSAP സംവിധാനത്തിന്റെ വിശ്വാസ്യതയും പൊതുപണത്തിന്റെ വിനിയോഗവും സംബന്ധിച്ച ചർച്ചകൾക്കിടയിലാണ് പുതിയ കോടതി രേഖകളിലൂടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!