വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് നേരത്തെ അറിയാമായിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് തടയാൻ യുദ്ധമല്ലാതെ മറ്റു മാർഗങ്ങളില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്.
ഇറാൻ യുദ്ധം രാജ്യത്ത് വിലക്കയറ്റത്തിന് കാരണമായെന്ന ആരോപണം ഒരു പരിധിവരെ ശരിയാണെന്നും ട്രംപ് സമ്മതിച്ചു. യുദ്ധം തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചെങ്കിലും ഇറാനെ ആണവായുധം വികസിപ്പിക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താൻ ഇടക്കാല തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നെങ്കിൽ വിജയിക്കുമായിരുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു.
അതേസമയം, ആക്രമണമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന മുന്നറിയിപ്പുമായി ഇറാനും രംഗത്തെത്തി. മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകാനുള്ള സാധ്യതയാണ് ഇറാന്റെ പ്രതികരണം ഉയർത്തുന്നത്.

ഇറാൻ യുദ്ധമാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും പ്രതികരിച്ചു. യുദ്ധത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളും ജനങ്ങൾക്കിടയിലെ അസംതൃപ്തിയും തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചുവെന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്.
അതിനിടെ, തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പരാജയത്തെത്തുടർന്ന് ജനപ്രതിനിധി സഭാ സ്പീക്കർ മൈക്ക് ജോൺസൺ രാജിവെച്ചു.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ആഗോള എണ്ണവിലയിലും വലിയ ഇടിവ് രേഖപ്പെടുത്തി. ക്രൂഡ് ഓയിൽ വില ബാരലിന് ഒമ്പത് ഡോളർ കുറഞ്ഞ് 93 ഡോളറിലെത്തി. ഇറാൻ സംഘർഷവും അമേരിക്കൻ രാഷ്ട്രീയ സാഹചര്യങ്ങളും ആഗോള വിപണിയിൽ സൃഷ്ടിക്കുന്ന അനിശ്ചിതത്വം തുടരുകയാണ്.
