Thursday, November 5, 2026

ഗ്വൽഫ് സർവകലാശാല അക്രമം: 12 പേർ അറസ്റ്റിൽ; 18 പേർക്കായി തിരച്ചിൽ

ടൊറന്റോ: ഒന്റാരിയോയിലുള്ള ഗ്വൽഫ് സർവകലാശാലയിൽ ഹോംകമിങ് ആഘോഷത്തിനിടെ നടന്ന അക്രമസംഭവവുമായി ബന്ധപ്പെട്ട് 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന 18 പേർക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

സെപ്റ്റംബർ 26-ന് ചാൻസലേഴ്‌സ് വേയിൽ നടന്ന അനധികൃത തെരുവ് പാർട്ടിക്കിടെയാണ് അക്രമസംഭവങ്ങൾ അരങ്ങേറിയത്. ഏകദേശം 15,000 പേരാണ് ആഘോഷത്തിൽ പങ്കെടുത്തത്. ഇതിനിടെ ചിലർ ജനക്കൂട്ടത്തിന് നേരെ സാധനങ്ങൾ വലിച്ചെറിയുകയും കെട്ടിടങ്ങളിൽ കയറുകയും ചെയ്തതോടെ സ്ഥിതിഗതികൾ നിയന്ത്രണാതീതമായി. തുടർന്ന് പൊലീസ് സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണവിധേയമാക്കുകയായിരുന്നു.

അന്ന് നഗരത്തിൽ റിപ്പോർട്ട് ചെയ്ത 550 അടിയന്തര സംഭവങ്ങളിൽ 250 എണ്ണവും ഈ പാർട്ടിയുമായി ബന്ധപ്പെട്ടതായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

17 മുതൽ 21 വയസ്സുവരെ പ്രായമുള്ള 12 പേരെയാണ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. ആയുധം ഉപയോഗിച്ചുള്ള ആക്രമണം, പൊതുശല്യം സൃഷ്ടിക്കൽ, സ്വത്ത് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. അറസ്റ്റിലായവരിൽ ഒരാൾ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലും ഉൾപ്പെട്ടിട്ടുള്ളയാളാണ്.

പൊതുജനങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് പ്രതികളെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും സഹായിച്ചതെന്ന് പൊലീസ് ചീഫ് ഗോർഡ് കോബി പറഞ്ഞു. ആൾക്കൂട്ടത്തിന്റെ മറവിൽ കുറ്റകൃത്യങ്ങൾ നടത്തി രക്ഷപ്പെടാമെന്ന് ആരും കരുതേണ്ടതില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സംഭവവുമായി ബന്ധപ്പെട്ട് 16 പേരെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അക്രമത്തിൽ പങ്കെടുത്ത മറ്റുള്ളവരെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടുകയാണെന്നും പൊലീസ് അറിയിച്ചു. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!