ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാനിലെ സിറിക് നഗരത്തിന് നേരെ ആക്രമണം നടന്നതായി ഇറാൻ വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന്റെ ലക്ഷ്യം, നാശനഷ്ടങ്ങൾ, ആളപായം എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. പുതിയ സംഭവവികാസത്തോടെ മേഖലയിലെ സംഘർഷാവസ്ഥ വീണ്ടും രൂക്ഷമായിരിക്കുകയാണ്.
ഇറാനുമായി ഇനി കരാറിലെത്തേണ്ട ആവശ്യമില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെയാണ് സിറിക് ആക്രമണത്തെക്കുറിച്ചുള്ള റിപ്പോർട്ട് പുറത്തുവന്നത്. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്കയുടെ കൈകളിലാണെന്നും അതിനാൽ ഇറാനുമായി പുതിയ കരാറിന്റെ ആവശ്യമില്ലെന്നുമാണ് ട്രംപിന്റെ നിലപാട്. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര നീക്കങ്ങൾ കൂടുതൽ പ്രതിസന്ധിയിലായി.

അമേരിക്ക വീണ്ടും ഇറാനെ ആക്രമിച്ചാൽ പത്തിരട്ടി ശക്തിയിൽ തിരിച്ചടിക്കുമെന്ന് ഇറാൻ സായുധസേനാ വക്താവ് ബ്രിഗേഡിയർ ജനറൽ അബോൾ ഫസൽ ഷിക്കാർച്ചി മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുകളുണ്ട്. അമേരിക്കയുടെ സമ്മർദങ്ങൾക്കും ഉപരോധങ്ങൾക്കും ഇറാൻ വഴങ്ങില്ലെന്ന് പ്രസിഡന്റ് മസൂദ് പെഷസ്കിയാനും വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ പുതിയ ആക്രമണങ്ങൾ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. നാല് എണ്ണക്കപ്പലുകളിൽ സ്ഫോടനങ്ങൾ ഉണ്ടായതായി റോയിട്ടേഴ്സും റിപ്പോർട്ട് ചെയ്തു. മുന്നറിയിപ്പുകൾ അവഗണിച്ച് സഞ്ചരിച്ച കപ്പലുകളാണ് ആക്രമണത്തിൽപ്പെട്ടതെന്നാണ് റിപ്പോർട്ട്.
അതിനിടെ, ഇറാനെതിരായ സൈനിക നടപടികൾക്ക് തയ്യാറായിരിക്കാൻ സൈന്യത്തിന് ഇസ്രയേൽ നിർദേശം നൽകി. സിറിക് നഗരത്തിന് നേരെയുണ്ടായ ആക്രമണവും ഹോർമുസിലെ കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട പുതിയ സംഭവങ്ങളും അമേരിക്ക-ഇറാൻ സംഘർഷം വീണ്ടും രൂക്ഷമാകുമെന്ന ആശങ്ക വർധിപ്പിക്കുകയാണ്.
