Saturday, November 14, 2026

വിരമിക്കലിന് പിന്നാലെ ടെലിവിഷന്‍ ലോകത്തേക്ക്;ആദ്യ സീരീസ് ‘ഡേ 1s’ നിര്‍മാണം ആരംഭിച്ചു

ഫുട്‌ബോള്‍ ലോകത്തെ വിസ്മയിപ്പിച്ച പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടെലിവിഷന്‍ നിര്‍മാണ രംഗത്തേക്കും അഭിനയത്തിലേക്കും ചുവടുവെക്കുന്നു. പ്രശസ്ത ബ്രിട്ടീഷ് സംവിധായകനും നിര്‍മാതാവുമായ മാത്യു വോണുമായി ചേര്‍ന്ന് റൊണാള്‍ഡോ നിര്‍മിക്കുന്ന ആദ്യ ടെലിവിഷന്‍ പരമ്പരയായ ഡേ 1s-ന്റെ ചിത്രീകരണം ആരംഭിച്ചു. ഇരുവരും സംയുക്തമായി രൂപീകരിച്ച യുര്‍.മാര്‍വ് സ്റ്റുഡിയോസിന്റെ ആദ്യ ടെലിവിഷന്‍ പ്രോജക്ട് കൂടിയാണിത്. മാത്യു വോണിനൊപ്പമുള്ള ചിത്രം ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചുകൊണ്ടാണ് റൊണാള്‍ഡോ സീരീസിന്റെ നിര്‍മാണം ആരംഭിച്ച വിവരം ആരാധകരെ അറിയിച്ചത്.

ബ്രിട്ടീഷ് ഫുട്‌ബോള്‍ ലോകത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഡ്രാമ സീരീസാണിത്. സ്റ്റാന്‍ലി ഡാല്‍ട്ടണ്‍ എന്ന സാങ്കല്‍പ്പിക ബ്രിട്ടീഷ് ഫുട്‌ബോള്‍ ഏജന്റിന്റെ ജീവിതത്തെ കേന്ദ്രീകരിച്ചാണ് കഥ വികസിക്കുന്നത്. പ്രൊഫഷണല്‍ ഫുട്‌ബോളിന് പിന്നിലെ ബിസിനസ് ഇടപാടുകള്‍, താരങ്ങളുടെ കരാറുകള്‍, അധികാര പോരാട്ടങ്ങള്‍, കളിക്കാരുടെ മാനേജ്‌മെന്റ് എന്നിവയാണ് പരമ്പരയുടെ പ്രമേയം. ഹോംലാന്‍ഡ്, ബില്യണ്‍സ് തുടങ്ങിയ വിഖ്യാത സീരീസുകളിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് താരം ഡാമിയന്‍ ലൂയിസാണ് സ്റ്റാന്‍ലി ഡാല്‍ട്ടണ്‍ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എന്നതിലുപരി റൊണാള്‍ഡോ ഈ സീരീസില്‍ അഭിനയിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയെങ്കില്‍ സ്‌ക്രിപ്റ്റഡ് ടെലിവിഷന്‍ അഭിനയരംഗത്തേക്കുള്ള താരത്തിന്റെ അരങ്ങേറ്റം കൂടിയായിരിക്കും ഇത്. റൊണാള്‍ഡോയ്ക്ക് പുറമെ ഫുട്‌ബോള്‍ ഇതിഹാസം തിയറി ഹെന്റി, ബ്രിട്ടീഷ് റാപ്പര്‍ ഡേവ് എന്നിവരും പരമ്പരയുടെ ഭാഗമാകും. കൂടാതെ ബേണ ബോയ്, ജെയിംസ് ബ്ലേക്ക്, സെന്‍ട്രല്‍ സീ തുടങ്ങിയ സംഗീതലോകത്തെ പ്രമുഖരും ആദ്യ എപ്പിസോഡില്‍ പ്രത്യക്ഷപ്പെടുമെന്നാണ് സൂചന.

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കളിക്കളത്തിന് പുറത്തെ ഈ പുതിയ സംരംഭത്തെക്കുറിച്ച് റൊണാള്‍ഡോ വെളിപ്പെടുത്തിയത്. നിലവില്‍ അല്‍ നസറിനായി ക്ലബ് ഫുട്‌ബോളില്‍ തുടരുന്ന താരം ബിസിനസ്, സോഷ്യല്‍ മീഡിയ മേഖലകളിലും സജീവമാണ്. സീരീസിന്റെ റിലീസ് തീയതിയോ സംപ്രേഷണ പ്ലാറ്റ്‌ഫോമോ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പുതിയ മേഖലയിലേക്കും ചുവടുവെക്കുന്ന റൊണാള്‍ഡോയ്ക്ക് ആശംസകളുമായി ആരാധകരും കായിക-വിനോദ മേഖലയിലെ പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!