Monday, November 16, 2026

തോക്ക് കൈവശം വയ്ക്കാനാകാത്ത 63 ഉദ്യോഗസ്ഥരെ താഴ്ന്ന തസ്തികയിലേക്ക് മാറ്റാൻ കാനഡ

ഓട്ടവ: ആരോഗ്യപ്രശ്നങ്ങൾ കാരണം തോക്ക് കൈവശം വയ്ക്കാൻ കഴിയാത്ത 63 അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥരെ താഴ്ന്ന തസ്തികകളിലേക്ക് മാറ്റാൻ കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) തീരുമാനം. പുതിയ തസ്തികകളിലേക്ക് മാറുന്നതോടെ ഉദ്യോഗസ്ഥരുടെ ശമ്പളത്തിലും കുറവുണ്ടാകും.

ശാരീരികമോ മാനസികമോ ആയ ആരോഗ്യപ്രശ്നങ്ങൾ കാരണം തോക്ക് ഉപയോഗിക്കാനുള്ള യോഗ്യത സ്ഥിരമായി നഷ്ടപ്പെട്ടവരെയാണ് നടപടിക്ക് വിധേയരാക്കുന്നത്. താൽക്കാലിക ആരോഗ്യപ്രശ്നങ്ങളുള്ളവർക്ക് ജോലിയിൽ ഇളവുകൾ അനുവദിക്കുമെങ്കിലും സ്ഥിരമായി ഇളവ് ആവശ്യമായവർ തോക്ക് കൈവശം വയ്ക്കേണ്ടതില്ലാത്ത തസ്തികകളിലേക്ക് മാറണമെന്നാണ് ഏജൻസിയുടെ നിലപാട്.

അതേസമയം, തീരുമാനത്തിനെതിരെ ഉദ്യോഗസ്ഥരുടെ സംഘടനയായ കസ്റ്റംസ് ആൻഡ് ഇമിഗ്രേഷൻ യൂണിയൻ രംഗത്തെത്തി. നടപടി വിവേചനപരവും അന്യായവുമാണെന്ന് യൂണിയൻ പ്രസിഡന്റ് മാർക്ക് വെബർ ആരോപിച്ചു. തോക്ക് ഉപയോഗിക്കേണ്ടിവരാത്ത നിരവധി ജോലികൾ പരിചയസമ്പന്നരായ ഉദ്യോഗസ്ഥർ ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനുവരി മുതൽ സമാനമായ സാഹചര്യം നേരിട്ട 36 ഉദ്യോഗസ്ഥർ വിരമിച്ചിട്ടുണ്ട്. 14 ജീവനക്കാരുടെ കാര്യത്തിൽ പരിശോധന തുടരുകയാണ്. ആകെ 190 ജീവനക്കാർക്ക് തോക്ക് കൈവശം വയ്ക്കുന്നതുമായി ബന്ധപ്പെട്ട് ജോലിയിൽ ഇളവുകൾ അനുവദിച്ചിരുന്നു.

എന്നാൽ, പൊതുപണം ഉത്തരവാദിത്തത്തോടെ വിനിയോഗിക്കേണ്ടതുണ്ടെന്നും ഓരോ തസ്തികയുടെയും അടിസ്ഥാന യോഗ്യതകൾ ജീവനക്കാർ പാലിക്കണമെന്നും CBSA വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!