Monday, November 16, 2026

ലോകത്തെ ഞെട്ടിച്ച് ചൈന; ആദ്യ 10 ടണ്‍ ഇലക്ട്രിക് യാത്രാവിമാനം അവതരിപ്പിച്ചു

ബെയ്ജിങ്: വ്യോമയാന മേഖലയില്‍ ചരിത്രപരമായ നാഴികക്കല്ല് പിന്നിട്ടുകൊണ്ട് ചൈനയുടെ ആദ്യ ബാറ്ററി അധിഷ്ഠിത ഇലക്ട്രിക് യാത്രാവിമാനം ആദ്യ പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി. 10 ടണ്‍ വിഭാഗത്തിലുള്ള വാണിജ്യ യാത്രാവിമാനമായ CE-25A ആണ് ജീവനക്കാരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്.

കിഴക്കന്‍ ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയിലുള്ള ബിന്‍ഷൗ നഗരത്തിലായിരുന്നു പരീക്ഷണ പറക്കല്‍. രണ്ട് പൈലറ്റുമാരും ഒരു ഫ്‌ലൈറ്റ് ടെസ്റ്റ് എന്‍ജിനീയറും ഉള്‍പ്പെടെ മൂന്ന് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 16 മിനിറ്റും 38 സെക്കന്‍ഡും ആകാശത്ത് പറന്ന വിമാനം 60.4 കിലോമീറ്റര്‍ ദൂരം പിന്നിട്ടു. വിമാനത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും സാധാരണ നിലയിലായിരുന്നുവെന്നും എല്ലാ പ്രകടന സൂചകങ്ങളും പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയെന്നും നിര്‍മാതാക്കളായ കൊമാക് (COMAC) വ്യക്തമാക്കി.

ചൈനീസ് വിമാന നിര്‍മാണ കമ്പനിയായ കൊമാക്, ബാറ്ററി നിര്‍മാതാക്കളായ CATL, ഷാങ്ഹായ് ജിയാവോ ടോങ് സര്‍വകലാശാല എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് വിമാനം വികസിപ്പിച്ചത്. പരമ്പരാഗത ജെറ്റ് എന്‍ജിനുകള്‍ക്ക് പകരം ചിറകുകള്‍ക്ക് മുകളിലായി ഘടിപ്പിച്ചിരിക്കുന്ന പത്ത് ഇലക്ട്രിക് ഡക്റ്റഡ് ഫാനുകളാണ് വിമാനത്തിന് ആവശ്യമായ ഊര്‍ജവും മുന്നോട്ടുള്ള ചലനവും നല്‍കുന്നത്. ശബ്ദമലിനീകരണം കുറയ്ക്കാനും ചെറിയ റണ്‍വേകളില്‍ നിന്ന് പറന്നുയരാനും ഇറങ്ങാനും ഈ സാങ്കേതികവിദ്യ സഹായിക്കും.

ആദ്യഘട്ടത്തില്‍ ഹ്രസ്വദൂര യാത്രകള്‍ ലക്ഷ്യമിട്ട് പുറത്തിറക്കുന്ന ഈ വിമാനത്തിന് 19 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുണ്ട്. പരമാവധി 10 ടണ്‍ ടേക്ക് ഓഫ് ഭാരമുള്ള വിമാനത്തിന്റെ ക്രൂയിസ് വേഗത മണിക്കൂറില്‍ 300 കിലോമീറ്ററാണ്. 2,400 മീറ്റര്‍ ഉയരത്തില്‍ പറക്കാന്‍ സാധിക്കുന്ന വിമാനത്തിന് ഒറ്റത്തവണ ചാര്‍ജില്‍ 400 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

പരമ്പരാഗത വ്യോമയാന ഇന്ധനത്തിന് പകരം പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഈ വിമാനം ആഗോള വ്യോമയാന രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വാണിജ്യ സര്‍വീസ് ആരംഭിക്കുന്നതിനുള്ള അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ് നിര്‍മാതാക്കള്‍.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!