ഓട്ടവ: കാനഡയിൽ ഈ മാസം അവസാനം വിവിധ ഫെഡറൽ, പ്രവിശ്യാ ആനുകൂല്യങ്ങളുടെ പേയ്‌മെന്റുകൾ വിതരണം ചെയ്യും. മുതിർന്ന പൗരന്മാർ, വിരമിച്ചവർ, കുട്ടികളുള്ള കുടുംബങ്ങൾ, ഭിന്നശേഷിക്കാർ, കുറഞ്ഞ വരുമാനക്കാർ എന്നിവർക്കാണ് വിവിധ പദ്ധതികളിലൂടെ സാമ്പത്തിക സഹായം ലഭിക്കുക.
നവംബർ 26-നാണ് പ്രധാന ഫെഡറൽ പേയ്‌മെന്റുകൾ. കാനഡ പെൻഷൻ പ്ലാൻ (CPP), ഓൾഡ് ഏജ് സെക്യൂരിറ്റി (OAS), ഗ്യാരണ്ടീഡ് ഇൻകം സപ്ലിമെന്റ് (GIS) എന്നിവയുടെ തുകകൾ അന്നാണ് വിതരണം ചെയ്യുന്നത്.
65 മുതൽ 74 വയസ്സ് വരെയുള്ളവർക്ക് OAS വഴി പ്രതിമാസം പരമാവധി 762.50 ഡോളറും 75 വയസ്സിന് മുകളിലുള്ളവർക്ക് 838.75 ഡോളറും ലഭിക്കാം. കുറഞ്ഞ വരുമാനമുള്ള മുതിർന്ന പൗരന്മാർക്ക് GIS വഴിയും അധിക സഹായം ലഭിക്കും. CPP പെൻഷൻ തുക വ്യക്തികളുടെ തൊഴിൽകാലത്തെ സംഭാവനകളെ ആശ്രയിച്ചിരിക്കും.
പ്രവിശ്യാ തലത്തിലും വിവിധ ആനുകൂല്യങ്ങൾ വിതരണം ചെയ്യും. നാളെ ആൽബർട്ടയിലെ സീനിയേഴ്സ് ബെനിഫിറ്റ് ലഭിക്കും. നവംബർ 25-ന് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിലെ ഡിസെബിലിറ്റി ബെനിഫിറ്റ്, ആൽബർട്ടയിലെ AISH, ADAP പദ്ധതികൾ, ഒന്റാരിയോയിലെ GAINS എന്നിവയുടെ പേയ്‌മെന്റുകളുണ്ടാകും.

നവംബർ 27-ന് ആൽബർട്ട ചൈൽഡ് ആൻഡ് ഫാമിലി ബെനിഫിറ്റ്, മുൻ സൈനികർക്കുള്ള ഡിസെബിലിറ്റി പെൻഷൻ, സസ്കാച്വാനിലെ വരുമാന സഹായ പദ്ധതികൾ എന്നിവയുടെ തുക ലഭിക്കും.
നവംബർ 30-ന് ഒന്റാരിയോ ഡിസെബിലിറ്റി സപ്പോർട്ട് പ്രോഗ്രാം (ODSP), ഒന്റാരിയോ വർക്ക്സ്, കെബെക്ക് പെൻഷൻ പ്ലാൻ, പ്രിൻസ് എഡ്വേർഡ് ഐലൻഡിലെ സോഷ്യൽ അസിസ്റ്റൻസ്, ബ്രിട്ടീഷ് കൊളംബിയയിലെ വാടക സഹായ പദ്ധതികളായ SAFER, RAP എന്നിവയുടെ പേയ്‌മെന്റുകൾ വിതരണം ചെയ്യും.
അതേസമയം, നവംബറിൽ പ്രത്യേക GST/HST ക്രെഡിറ്റ് പേയ്‌മെന്റ് നിശ്ചയിച്ചിട്ടില്ല. ഇതിന് പകരമായി നിലവിൽ വന്ന കാനഡ ഗ്രോസറീസ് ആൻഡ് എസൻഷ്യൽസ് ബെനിഫിറ്റിന്റെ അടുത്ത പേയ്‌മെന്റ് 2027 ജനുവരിയിലാണ് പ്രതീക്ഷിക്കുന്നത്.
ആനുകൂല്യങ്ങൾക്ക് അർഹരായവർ ബാങ്ക് അക്കൗണ്ട് വിവരങ്ങളും യോഗ്യതയും ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ വഴി പരിശോധിക്കണം. പല പദ്ധതികളിലും ആനുകൂല്യം തുടരാൻ വാർഷിക നികുതി റിട്ടേൺ സമർപ്പിക്കേണ്ടതുണ്ട്.
