Monday, November 23, 2026

‘ഷെയ്ഖ് ഹസീന മടങ്ങിയെത്തിയാൽ ജയിലിലടയ്ക്കും’; നിലപാട് കടുപ്പിച്ച് ബംഗ്ലാദേശ്

ധാക്ക: ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശിലേക്ക് മടങ്ങിവരുമെന്ന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രഖ്യാപിച്ചതിന് പിന്നാലെ കടുത്ത മുന്നറിയിപ്പുമായി ബംഗ്ലാദേശ് ഭരണകൂടം. രാജ്യത്ത് തിരിച്ചെത്തിയാൽ ഉടൻ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്ന് വിദേശകാര്യ സഹമന്ത്രി ഷാമ ഒബെയ്ദ് വ്യക്തമാക്കി.

കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാർ പ്രകാരം ഹസീനയെ ഇന്ത്യ ബംഗ്ലാദേശിന് കൈമാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു. രാജ്യത്ത് പ്രവേശിക്കാൻ ശ്രമിച്ചാൽ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും അവർ റോയിട്ടേഴ്‌സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

2024 ഓഗസ്റ്റ് അഞ്ചിന് വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് അധികാരം നഷ്ടപ്പെട്ട ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു. പ്രക്ഷോഭത്തിനിടെ ഏകദേശം 1,400 പേർ കൊല്ലപ്പെട്ടതായാണ് യു.എൻ കണക്ക്. പ്രക്ഷോഭവുമായി ബന്ധപ്പെട്ട മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളിൽ ഹസീനയുടെ അഭാവത്തിൽ വിചാരണ നടത്തി കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ വിധി രാഷ്ട്രീയ പകപോക്കലാണെന്നാണ് ഹസീനയുടെ പ്രതികരണം.

ഡിസംബറിൽ നാട്ടിലേക്ക് മടങ്ങുമെന്ന് പ്രഖ്യാപിച്ച ഹസീന പുതിയ പാസ്‌പോർട്ടിനും തിരിച്ചറിയൽ കാർഡിനും അപേക്ഷിച്ചെങ്കിലും ബംഗ്ലാദേശ് സർക്കാർ അപേക്ഷകൾ നിരസിച്ചതായാണ് റിപ്പോർട്ട്.

അതേസമയം, ഹസീനയുടെ അവാമി ലീഗ് പ്രവർത്തകരുടെ പ്രതിഷേധങ്ങൾക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 28 ജില്ലകളിൽ വാഹനങ്ങൾക്കുനേരെ ബോംബേറും തീവെപ്പും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.

ഹസീനയെ കൈമാറുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി ഔദ്യോഗിക ചർച്ചകൾ നടന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ബംഗ്ലാദേശിന്റെ ദേശീയ താൽപര്യങ്ങളും അന്തസ്സും സംരക്ഷിച്ചുകൊണ്ടുള്ള നയതന്ത്ര ബന്ധമാണ് ഇന്ത്യയുമായി ആഗ്രഹിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!