വൻകൂവർ: 16 വർഷത്തെ പ്രവർത്തനത്തിന് ശേഷം വൻകൂവറിലെ പ്രമുഖ ബർഗർ ശൃംഖലയായ റോമേഴ്സ് ബർഗർ ബാർ (Romer’s Burger Bar) ശാഖകൾ അടച്ചുപൂട്ടുന്നു. തുടർച്ചയായ സാമ്പത്തിക പ്രതിസന്ധികളാണ് സ്ഥാപനം പൂട്ടുന്നതിലേക്ക് നയിച്ചതെന്ന് കമ്പനി വ്യക്തമാക്കി.
2010-ൽ ഷെഫ് ജിം റോമർ വൻകൂവറിലെ കിറ്റ്‌സിലാനോയിലാണ് ആദ്യ റെസ്റ്റോറന്റ് ആരംഭിച്ചത്. “ഇങ്ങനെയൊരു വിടവാങ്ങലല്ല ഞങ്ങൾ ആഗ്രഹിച്ചത്, പെട്ടെന്നുള്ള ഈ അടച്ചുപൂട്ടലിൽ അഗാധമായ ഖേദമുണ്ട്” എന്ന് മാനേജ്‌മെന്റ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ഔദ്യോഗിക കുറിപ്പിൽ അറിയിച്ചു.

വൻകൂവറിലെ റിവർ ഡിസ്ട്രിക്റ്റ്, നോർത്ത് വൻകൂവറിലെ ലിൻ വാലി എന്നിവിടങ്ങളിലെ ബർഗർ ബാറുകളും, ഇതേ കമ്പനിക്ക് കീഴിൽ വിക്ടോറിയയിൽ പ്രവർത്തിച്ചിരുന്ന സ്റ്റീംഷിപ്പ് ഗ്രിൽ ആൻഡ് ബാറുമാണ് പ്രവർത്തനം അവസാനിപ്പിച്ചത്. എന്നാൽ വൻകൂവർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ശാഖ തുടർന്നും പ്രവർത്തിക്കുന്നുണ്ട്.
ഭക്ഷ്യവസ്തുക്കളുടെയും നടത്തിപ്പിന്റെയും ചെലവുകൾ കുത്തനെ ഉയർന്നതും, വിലക്കയറ്റം കാരണം ഉപഭോക്താക്കൾ ചെലവ് ചുരുക്കുന്നതുമാണ് ബ്രിട്ടീഷ് കൊളംബിയയിലെ റെസ്റ്റോറന്റ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നതെന്ന് ബി.സി. റെസ്റ്റോറന്റ് ആൻഡ് ഫുഡ് സർവീസസ് അസോസിയേഷൻ വിലയിരുത്തുന്നു.
