കാൽഗറി : മോഷ്ടിച്ച ട്രാൻസ്പോർട്ട് ട്രക്ക് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മിഡ് ടൗണിലെ ഒരു ഷോപ്പിലേക്ക് ഇടിച്ചു കയറിയതിനെ തുടർന്ന് മൂന്നു സ്റ്റോർ ജീവനക്കാർക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് 2.35 ഓടെ മിഡ്‌ടൗൺ കോ-ഓപ്പിന്റെ കെട്ടിടത്തിലേക്കാണ് ട്രക്ക് ഇടിച്ചു കയറിയത്. അപകടത്തെ തുടർന്ന് ഷോപ്പിനു ചുറ്റുമുള്ള റോഡുകൾ അടച്ചതായി പോലീസ് അറിയിച്ചു. സുനൽറ്റയിലെ ഒരു ഓഫീസിന് മുന്നിൽ നിന്നാണ് ട്രക്ക് മോഷ്ടിക്കപ്പെട്ടതെന്ന് കമ്പനിയുടെ വക്താവ് പറഞ്ഞു.
ട്രക്ക് ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. 10-ആം അവന്യൂവിൽ നിന്ന് വന്ന ട്രക്ക് പിന്നീട് 11-ആം സ്ട്രീറ്റിലൂടെ തെക്കോട്ട് പോയി കെട്ടിടത്തിലേക്ക് ഇടിച്ചു കയറുകയിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇടിയുടെ ആഘാതത്തിൽ കടയുടെ ഭിത്തികൾ തകർന്നു. ട്രക്ക് പുറത്തെടുക്കാൻ ഫയർ ഡിപ്പാർട്ട്‌മെന്റിന്റെ ഹെവി റെസ്‌ക്യൂ സംഘം സിറ്റി എഞ്ചിനീയറുമായി ചേർന്ന് പ്രവർത്തിക്കുന്നതായി അധികൃതർ അറിയിച്ചു.

പോലീസും ഫയർഫോഴ്‌സും നിലവിൽ സ്ഥലത്തുണ്ട്. 11-ാം അവന്യൂ പ്രദേശത്തെ റോഡുകൾ അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രദേശം ഒഴിവാക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് നിർദേശിച്ചു. അപകടത്തെക്കുറിച്ച് വിവരങ്ങളോ വീഡിയോകളോ ഫോട്ടോകളോ ഉള്ളവർ അവ അഗ്നിശമന വകുപ്പിലേക്ക് piofire@calgary.ca എന്ന വിലാസത്തിൽ അയക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
