മുന്‍ ഓസ്‌ട്രേലിയന്‍ താരം മിച്ചല്‍ ജോണ്‍സണിന്റെ മുറിയില്‍ വിളിക്കാതെത്തിയ അതിഥിയുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. ക്ഷണിക്കാതെ എത്തിയ കക്ഷി മറ്റൊന്നുമല്ല ഒരു അസല്‍ പാമ്പാണ്!. ലക്‌നൗവിലെ ഹോട്ടല്‍ മുറിയില്‍ കയറിയ പാമ്പിനെ മിച്ചല്‍ ജോണ്‍സണ്‍ തന്നെയാണു കണ്ടെത്തിയത്. ‘ഇത് ഏതു തരത്തിലുള്ള പാമ്പാണെന്ന് ആര്‍ക്കെങ്കിലും അറിയാമോയെന്ന്’ ചോദിച്ചുക്കൊണ്ടാണ് ഇന്‍സ്റ്റാഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്.
റൂമിന്റെ വാതിക്കലിലാണു പാമ്പിനെ കണ്ടെത്തിയതെന്നും ഇപ്പോഴും ഇത് ഏതു പാമ്പാണെന്ന് അറിയില്ലെന്നും ലക്‌നൗവിലെ താമസം രസകരമാണെന്നും ജോണ്‍സണ്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ലെജന്‍ഡ്സ് ലീഗ് കളിക്കാനാണ് മുന്‍ പേസര്‍ കൊല്‍ക്കത്തയിലെത്തിയത്. മുന്‍കാല താരങ്ങളില്‍ മിക്കവരും ലീഗിന്റെ ഭാഗമാണ്. ഇന്ത്യ കാപിറ്റല്‍സിന് വേണ്ടിയാണ് ജോണ്‍സണ്‍ കളിക്കുന്നത്. ആദ്യ മത്സരത്തില്‍ മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗിനെ പുറത്താക്കാന്‍ ജോണ്‍സണായിരുന്നു. മൂന്ന് ഓവറില്‍ 22 റണ്‍സ് മാത്രമാണ് ജോണ്‍സണ്‍ വിട്ടുകൊടുത്തത്.
മുന്‍ ഓസ്ട്രേലിയന്‍ ബ്രെറ്റ് ലീ, മുന്‍ ദക്ഷിണാഫ്രിക്കന്‍ വെര്‍ണോന്‍ ഫിലാന്‍ഡര്‍ എന്നിവരെല്ലാം ജോണ്‍സണിന്റെ പോസ്റ്റിന് മറുപടി അയച്ചിട്ടുണ്ട്.
