അബുദാബിയിൽ മരതകപ്പച്ച നിറത്തിൽ മനോഹരമായ ഒരു തടാകമുണ്ട്. അബുദാബിയിലെ അൽ വത്ബ മേഖലയിലുള്ള ‘ലോങ് സാൾട്ട് ലേക്ക്’ ആണ് ഇത്. അൽ വത്ബ വന്യജീവി സംരക്ഷണ കേന്ദ്രത്തിനരികിലായി, അല്‍ എയ്ന്‍ ഹൈവേയിലാണ് ഈ ജലാശയം.
ജലാശയത്തിൽ അവിടെയിവിടെയായി കാണുന്ന കൂണിന്‍റെ ആകൃതിയിലുള്ള കരഭാഗങ്ങളിലേറെയും ഉപ്പിന്‍റെ നിക്ഷേപങ്ങളാണ്. മനുഷ്യനിര്‍മിതമാണ് ഈ ജലാശയം. അതിനിടയില്‍ എങ്ങനെ ഈ ഉപ്പു നിക്ഷേപങ്ങള്‍ ഉണ്ടായി എന്നു പലര്‍ക്കും അത്ഭുതം തോന്നാം. അതിന് പിന്നിലും ഉണ്ട് ഒരു കൗതുകം.
പ്രവേശന റോഡിന്‍റെ ഇരുവശത്തുമായി രണ്ട് തടാകങ്ങൾ ആണുള്ളത്. പൈപ്പുകള്‍ ഉപയോഗിച്ചാണ് ഈ തടാകങ്ങളിൽ വെള്ളം നിറയ്ക്കുന്നത്. മരുഭൂമി പോലെയുള്ള പ്രദേശമായത് കൊണ്ട് തന്നെ ഇവിടെയുള്ള മണ്ണില്‍ ഉയര്‍ന്ന ലവണാംശമുണ്ട്. കാലക്രമേണ ഈ ഉപ്പെല്ലാം കൂടിച്ചേര്‍ന്ന് ഉപ്പുപാറകളായി മാറും. അവയാണ് തടാകത്തില്‍ വെളുത്തനിറത്തില്‍ കാണപ്പെടുന്ന ഭാഗങ്ങള്‍.