ഒട്ടാവ : ഒട്ടാവ നഗരത്തിൽ ഈ വർഷം വാഹന മോഷണങ്ങൾ വർധിച്ചുവരികയാണെന്ന് റിപ്പോർട്ട്. ആദ്യ ഒമ്പത് മാസത്തിനുള്ളിൽ 1,500-ലധികം വാഹനങ്ങൾ മോഷ്ടിക്കപ്പെട്ടതായും പോലീസ് റിപ്പോർട്ട് ചെയ്തു.
2022ലെ ആദ്യ ഒമ്പത് മാസങ്ങളിൽ, കഴിഞ്ഞ നാല് വർഷങ്ങളിൽ ആകെയുള്ളതിനേക്കാൾ കൂടുതൽ വാഹന മോഷണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ഒട്ടാവ പോലീസ് അറിയിച്ചു. ഒട്ടാവ പോലീസിന്റെ കണക്കുകൾ പ്രകാരം സെപ്റ്റംബർ 26 വരെ ഒട്ടാവയിൽ 1,502 വാഹന മോഷണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
2021-ൽ 1,185, 2020-ൽ 951, 2019-ൽ 1,007, 2018-ൽ 1,019 എന്നിങ്ങനെയാണ് വാഹന മോഷണങ്ങൾ റിപ്പോർട്ട് ചെയ്തതെന്നും ഒട്ടാവ പോലീസ് അറിയിച്ചു. ബാർഹാവൻ മുതൽ ഓർലിയൻസ് വരെയും നഗരത്തിലുടനീളം വാഹനമോഷണം വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
വാഹനത്തിന്റെ ഓൺ-ബോർഡ് ഡയഗ്നോസ്റ്റിക് പോർട്ട് ആക്‌സസ് ചെയ്യുന്നതിനും പുതിയ കീ ഫോബ് പ്രോഗ്രാം ചെയ്യുന്നതിന് വാഹനത്തിൽ നിന്ന് സിഗ്നൽ ക്യാപ്‌ചർ ചെയ്യുന്നതോ പോലുള്ള സാങ്കേതികവിദ്യ ഉപയോഗിക്കാൻ കള്ളന്മാർക്ക് കഴിയുമെന്ന് പോലീസ് പറയുന്നു. “ഒന്റാരിയോയിൽ നിന്നും ക്യൂബെക്കിൽ നിന്നും മോഷ്ടിക്കുന്ന വാഹനങ്ങൾ രാജ്യത്തിന് പുറത്തേക്ക് കയറ്റുമതി ചെയ്യുന്നതായും,” പോലീസ് അറിയിച്ചു.
ഹോണ്ട സിആർവി, ലെക്സസ് / ടൊയോട്ട, ജീപ്പ് ചെറോക്കി / ഡോഡ്ജ് ദുരാംഗോ, ഫോർഡ് പിക്കപ്പ് ട്രക്ക് / ലിങ്കൺ, അക്യൂറ RDX തുടങ്ങിയ വാഹങ്ങളാണ് കൂടുതലായും മോഷ്ടിക്കപ്പെടുന്നതെന്നും ഒട്ടാവ പോലീസ് അറിയിച്ചു. പിക്ക്-അപ്പ് ട്രക്കുകൾ, എസ്‌യുവികൾ, ലക്ഷ്വറി ഓട്ടോമൊബൈലുകൾ എന്നിവയെല്ലാം മോഷ്ടിക്കപ്പെടുന്നു.
സ്റ്റിയറിംഗ് വീൽ ലോക്ക്, കാറിന്റെ ഓൺ-ബോർഡ് ഡയഗ്നോസ്റ്റിക് പോർട്ട് പരിഷ്ക്കരിക്കുക, ഗാരേജിൽ പാർക്ക് ചെയ്യുക, ജിപിഎസ് ട്രാക്കിംഗ് ഉപകരണം ഇൻസ്റ്റാൾ ചെയ്യുക തുടങ്ങിയവ വഴി മോഷണശ്രമം ഒരു പരിധിവരെ പ്രതിരോധിക്കാൻ സാധിക്കുമെന്നും ഒട്ടാവ പോലീസ് അറിയിച്ചു.