ഇന്നലെ ഉച്ചകഴിഞ്ഞ് സ്കാർബറോയിൽ രണ്ട് ടിടിസി ജീവനക്കാർ ബസിൽ വെച്ച് ആക്രമിക്കപ്പെട്ടതായി റിപ്പോർട്ട്. ഉച്ചകഴിഞ്ഞ് 3.35ഓടെ കെന്നഡി, മെറിയൻ റോഡുകൾക്ക് സമീപമാണ് ആക്രമണം നടന്നതെന്ന് പോലീസ് അറിയിച്ചു.
15ഓളം യുവാക്കൾ അടങ്ങിയ സംഘം യൂണിഫോം ധരിച്ച ടിടിസി ജീവനക്കാരെ ബസിൽ വെച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം പ്രതികൾ സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടതായും പോലീസ് റിപ്പോർട്ട് ചെയ്തു. ആക്രമണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
“ഡ്യൂട്ടിയിലുള്ള രണ്ട് ടിടിസി ഓപ്പറേറ്റർമാർ അവരുടെ വാഹനം എടുത്ത് അവരുടെ ഷിഫ്റ്റിലേക്ക് പോകാൻ പോകുകയായിരുന്നുവെന്നും, പോലീസ് വിവരിച്ചതുപോലെ 10 മുതൽ 15 വരെ ആളുകളുടെ ഒരു സംഘം അവരെ ആക്രമിച്ചതായും” ടിടിസി വക്താവ് സ്റ്റുവർട്ട് ഗ്രീൻ പറഞ്ഞു. ആക്രമണത്തിന് ഇരയായ ഡ്രൈവർമാർക്ക് പാരാമെഡിക്കുകൾ സംഭവസ്ഥലത്ത് വെച്ച് തന്നെ പ്രാഥമിക ശുശ്രുഷകൾ നൽകി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ലെന്ന് ഗ്രീൻ പറഞ്ഞു.
ആക്രമണത്തിന്റെ കാരണം എന്താണെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. ആക്രമണത്തിൽ മേയർ ജോൺ ടോറി, സിറ്റി കൗൺസിലറും ടിടിസി ചെയർമാനുമായ ജോൺ ബേൺസൈഡ് തുടങ്ങിയവർ ആശങ്ക അറിയിച്ചിട്ടുണ്ട്.
മാർഖം റോഡിലെ പ്രോഗ്രസ് അവന്യൂവിൽ ബസ് എടുക്കുന്നതിനിടെ ടിടിസി ബസ് ഓപ്പറേറ്റർക്ക് നേരെ ബിബി തോക്ക് ഉപയോഗിച്ച് വെടിവെച്ച സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്.