തുര്‍ക്കിയിലും സിറിയയിലുമായി ഉണ്ടായ വന്‍ ഭൂകമ്പത്തില്‍ മരണ സംഖ്യ 8000ത്തിന് മുകളില്‍ എത്തി. പതിനായിരങ്ങള്‍ക്ക് പരിക്കേറ്റു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ ഇനിയും കുടുങ്ങിക്കിടക്കുന്നത് ആയിരങ്ങളാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ടെങ്കിലും പ്രതികൂല കാലാവസ്ഥ വലിയൊരു വെല്ലുവിളിയാണ്.
76 രാജ്യങ്ങളും 14 അന്താരാഷ്ട്ര സംഘടനകളും സഹായിക്കാന്‍ മുന്നോട്ട് വന്നിട്ടുണ്ടെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലട്ട് കാവുസോഗ്ലു പറഞ്ഞു. അതിനിടെ ഡല്‍ഹിയിലെ തുര്‍ക്കി എംബസിയില്‍ പതാക പകുതി താഴ്ത്തിക്കെട്ടി. ഇന്ത്യയുടെ ദുരിതാശ്വാസ സഹായം തുടരുകയാണ്. വ്യോമസേനയുടെ രണ്ടാമത്തെ സി17 വിമാനവും തുര്‍ക്കിയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇസ്രായേല്‍ പ്രതികരണ സംഘം തുര്‍ക്കിയിലെത്തിയിട്ടുണ്ട്. 150 ഓളം ഉദ്യോഗസ്ഥരാണ് ടീമിലുള്ളത്, അവര്‍ രക്ഷാപ്രവര്‍ത്തനങ്ങളിലും മെഡിക്കല്‍ പ്രവര്‍ത്തനങ്ങളിലും സഹായ വിതരണത്തിലും സഹായിക്കും. തുര്‍ക്കി, സിറിയ ഭൂചലനം 23 ദശലക്ഷം ആളുകളെ ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു.
6000ഓളം കെട്ടിടങ്ങളാണ് ഭൂചനത്തില്‍ തകര്‍ന്നത്. ദുരന്തഭൂമിയിലേക്ക് നിരവധി രാജ്യങ്ങളാണ് സഹായവാഗ്ദാനം നല്‍കിയിരിക്കുന്നു. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ദുരന്തനിവാരണ സംഘം സിറിയിലെത്തിയിട്ടുണ്ട്.