തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം തിങ്കളാഴ്‌ച 35,000 കവിഞ്ഞതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ തുർക്കിയിൽ 31,643 പേരും സിറിയയിൽ 3,581 പേരുമായി മൊത്തം 35,224 പേർ മരിച്ചതായി ഉന്നത ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ അറിയിച്ചിരിക്കുന്നത്. നൂറുകണക്കിന് കുടുംബങ്ങള്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.തുര്‍ക്കിയിലെ 10 പ്രവിശ്യകളിലാണ് ഭൂചലനം ഏറ്റവും കൂടുതല്‍ ദുരിതം വിതച്ചത്.ഇവിടെ 10,000 കെട്ടിടങ്ങള്‍ തകര്‍ന്നു. ഒരു ലക്ഷത്തിലധികം കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംസ്‌കരിക്കാന്‍ ഭൂമി കുറവായതിനാല്‍ നിരവധി മൃതദേഹങ്ങള്‍ സംസ്‌കരിക്കാനായിട്ടില്ല.
ഫെബ്രുവരി 6 ന് പ്രാദേശിക സമയം പുലര്‍ച്ചെ 4.17 നാണ് തുര്‍ക്കിയിലും സിറിയയിലും ശക്തമായ ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.8 ആയിരുന്നു ഈ ഭൂചലനത്തിന്റെ തീവ്രത. ഭൂമിയില്‍ നിന്ന് 18 കിലോമീറ്റര്‍ താഴെയായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.ഇതിന് ഏതാനും മിനിറ്റുകള്‍ക്ക് റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തി വീണ്ടും ഭൂചലനം ഉണ്ടായി.ഏകദേശം ഒമ്പത് മണിക്കൂറുകള്‍ക്ക് ശേഷം മൂന്നാമത്തെ തവണ റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനം ഉണ്ടായി. ഇത്തരം തുടര്‍ ഭൂചലനങ്ങള്‍ തുര്‍ക്കിയെ അക്ഷരാര്‍ത്ഥത്തില്‍ ദുരന്തമുഖമായി മാറ്റി. തുര്‍ക്കിയെയും സിറിയയെയും സഹായിക്കാന്‍ നിരവധി ലോക രാജ്യങ്ങള്‍ രക്ഷാപ്രവര്‍ത്തനവുമായി ദുരന്തമുഖത്തുണ്ട്.