കല്ലമ്പലം: ആശുപത്രിയിൽപ്പോയി മടങ്ങുമ്പോൾ ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റ വിദ്യാർഥി മരണപെട്ടു. ആലംകോട് വഞ്ചിയൂർ നികുഞ്ജം വീട്ടിൽ പി.ബിനേഷ്‌കുമാർ, ജി.ടി.രജനി ദമ്പതിമാരുടെ മകൻ സാരംഗ് (15) ആണ് മരണപ്പെട്ടത് . ആറ്റിങ്ങൽ ഗവ. ബി.എച്ച്.എസ്.എസിൽ എസ്.എസ്.എൽ.സി. പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു.
കല്ലമ്പലം-നഗരൂർ റോഡിൽ വടകോട്ട് കാവിന് സമീപം 13-ന് വൈകീട്ട് 3.30 ഓടെയാണ് അപകടം. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ വൈദ്യുതത്തൂണിലിടിച്ച് റോഡിൽ മറിയുകയായിരുന്നു. ഓട്ടോറിക്ഷയ്ക്കുള്ളിൽ നിന്ന് തെറിച്ച് റോഡിൽവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സാരംഗ് തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സിയിലായിരുന്നു. ബുധനാഴ്ചയോടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു.
തുടർന്ന് സാരംഗിന്റെ അവയവങ്ങൾ ദാനംചെയ്യാൻ രക്ഷിതാക്കൾ സമ്മതമറിയികുക്കയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. തുടർന്ന് വൈകീട്ട് വീട്ടുവളപ്പിൽ സംസ്കരിക്കും. കല്ലമ്പലം കെ.ടി.സി.ടി. കോളേജിലെ ബിരുദവിദ്യാർഥി യശ്വന്ത് സഹോദരനാണ്.
വെള്ളിയാഴ്ച എസ്.എസ്.എൽ.സി. പരീക്ഷാഫലം പ്രഖ്യാപിക്കുമ്പോൾ തന്റെ ഫലമറിയാൻ കൂട്ടുകാർക്കൊപ്പം സാരംഗ് ഉണ്ടാകില്ല. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ ബുധനാഴ്ച മസ്തിഷ്‌കമരണം സ്ഥിരീകരിച്ച സാരംഗിന്റെ അവയവങ്ങൾ ബന്ധുക്കൾ മൃതസഞ്ജീവനി വഴി ദാനംചെയ്തു.