കൊച്ചി: എലത്തൂര്‍ ട്രെയിന്‍ തീവെപ്പു കേസില്‍ എന്‍ഐഎക്ക് മൊഴി നല്‍കാനെത്തിയ യുവാവിന്റെ പിതാവ് മരിച്ച നിലയില്‍. ഡല്‍ഹി ഷഹീന്‍ബാഗ് സ്വദേശി മുഹമ്മദ് ഷാഫിയാണ് (45) മരിച്ചത്. കൊച്ചിയിലെ ഹോട്ടലിലെ കുളിമുറിയില്‍ ഇയാളെ വെള്ളിയാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
എലത്തൂര്‍ ട്രെയിന്‍ തീവെപ്പു കേസന്വേഷണത്തിന്റെ ഭാഗമായി മറ്റു നാലുപേര്‍ക്കൊപ്പം ഡല്‍ഹിയില്‍നിന്നെത്തിയതായിരുന്നു ഷാഫി. മകന്‍ മുഹമ്മദ് മോനിസും കൂടെയുണ്ടായിരുന്നു. എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസുമായി ബന്ധപ്പെട്ട് മകനെ ചോദ്യം ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം എന്‍ഐഎ വിളിപ്പിച്ചതിനെടത്തുടര്‍ന്നാണ് ഇവര്‍ കൊച്ചിയിലെത്തിയത്.
ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ഇന്ന് രാവിലെ വീണ്ടും ചോദ്യം ചെയ്യലിന് വിളിച്ചിരുന്നു. ഇന്ന് രാവിലെ കുളിമുറിയില്‍ കയറി അധിക സമയം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെത്തുടര്‍ന്ന് മകന്‍ ഹോട്ടല്‍ അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
