പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ, പഞ്ചാബ് പ്രവിശ്യകളുടെ പല ഭാഗങ്ങളിലും കനത്ത മഴയും ഇടിമിന്നലും കാരണമുണ്ടായ അപകടങ്ങളില്‍ 28 പേര്‍ കൊല്ലപ്പെടുകയും 140ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പ്രവിശ്യാ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ കണക്കനുസരിച്ച്, കെപിയുടെ ബന്നു, ദേര ഇസ്മായില്‍ ഖാന്‍, കാരക്, ലക്കി മര്‍വാട്ട് എന്നിവിടങ്ങളില്‍ മഴയുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ 25 പേര്‍ കൊല്ലപ്പെടുകയും 145 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മഴയില്‍ 69 വീടുകള്‍ ഭാഗികമായി തകര്‍ന്നതായി ജിയോ ന്യൂസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ബന്നുവില്‍ 15 പേര്‍ മരിക്കുകയും 100 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൂടാതെ പ്രദേശത്ത് 68 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അതേസമയം, ലക്കി മര്‍വാട്ട് ജില്ലയില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും 42 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിന് പുറമെ കാരക്കില്‍ നാല് പേര്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദേര ഇസ്മായില്‍ ഖാനെ കുറിച്ച് പറയുമ്പോള്‍, അവിടെ ഒരു കുട്ടി കൊല്ലപ്പെടുകയും മറ്റ് രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു, ഒരു വീടിനും ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു.
കനത്ത മഴയെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ കണക്കിലെടുത്ത് ലക്കി മര്‍വത് ബന്നുവിലും പ്രവിശ്യയുടെ മറ്റ് ഭാഗങ്ങളിലും ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. റെസ്‌ക്യൂ 1122 മുഖേനയുള്ള രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നടന്നുവരികയാണെന്നും പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതേസമയം, പഞ്ചാബ് പ്രവിശ്യയിലെ സര്‍ഗോധ, ഗുജ്റന്‍വാല, ഫൈസലാബാദ്, മറ്റ് ജില്ലകള്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രദേശങ്ങളില്‍ ശക്തമായ കാറ്റിനൊപ്പം കനത്ത മഴ പെയ്തു. പ്രവിശ്യയിലെ ഖുഷാബ് ജില്ലയിലെ ചാന്‍ ഗ്രാമത്തില്‍ കനത്ത മഴയില്‍ വീടിന്റെ മതില്‍ തകര്‍ന്ന് മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചു.
