ഓട്ടവ : രാജ്യതലസ്ഥാനത്ത് ഈ സീസണിലെ ആദ്യത്തെ മഞ്ഞുവീഴ്ച ഇന്ന് രാത്രിയോ തിങ്കളാഴ്ച രാവിലെയോ ഉണ്ടാകുമെന്ന് എൻവയൺമെന്റ് കാനഡ റിപ്പോർട്ട് ചെയ്തു. മൂന്ന് വർഷത്തിന് ശേഷം ഇതാദ്യമായാണ് ഒക്ടോബറിൽ ഓട്ടവയിൽ മഞ്ഞുവീഴ്ച്ച ആരംഭിക്കുന്നത്.
ഇന്ന് രാത്രിയിൽ മഞ്ഞുവീഴ്ച ആരംഭിക്കുന്നതിന് മുമ്പ് നേരിയ മഴ പെയ്തേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. തിങ്കളാഴ്ച രാവിലെയോടെ ഓട്ടവയിൽ 2 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച അനുഭവപ്പെടും.

2020 ഒക്ടോബറിനുശേഷം ഇതാദ്യമായാണ് ഓട്ടവയിൽ ഒക്ടോബറിൽ മഞ്ഞുവീഴ്ച്ച ആരംഭിക്കുന്നതെന്നും കാലാവസ്ഥാ ഏജൻസി പറയുന്നു. കഴിഞ്ഞ വർഷം നവംബർ 13-ന് ഓട്ടവയിൽ നേരിയ മഞ്ഞുവീഴ്ച്ച ആരംഭിക്കുകയും തുടർന്ന് നവംബർ 16-ന് ഏഴ് സെന്റീമീറ്റർ മഞ്ഞുവീഴ്ച്ച രേഖപ്പെടുത്തുകയും ചെയ്തു.

ഇന്ന് പ്രധാനമായും ആകാശം മേഘാവൃതമായിരിക്കും. ഉയർന്ന താപനില 5 ഡിഗ്രി സെൽഷ്യസായി അനുഭവപ്പെടും. തുടർന്ന് വൈകിട്ട് ആരംഭിക്കുന്ന മഴ പിന്നീട് രാത്രി മുഴുവൻ മഞ്ഞുവീഴ്ചയായി മാറുമെന്ന് കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു. രാത്രി താപനില ഒരു ഡിഗ്രി സെൽഷ്യസായി കുറയും. തിങ്കളാഴ്ച രാവിലെ മഞ്ഞുവീഴ്ച്ച അവസാനിക്കുകയും മഴ പെയ്യാൻ 60 ശതമാനം സാധ്യതയുണ്ടെന്നും എൻവയൺമെന്റ് കാനഡ അറിയിച്ചു. ഉയർന്ന താപനില 5 ഡിഗ്രി സെൽഷ്യസായിരിക്കും.
ഹാലോവീൻ ചൊവ്വാഴ്ച ഉയർന്ന താപനില 4 ഡിഗ്രി സെൽഷ്യസായിരിക്കും. ചൊവ്വാഴ്ച രാത്രി താപനില കുറഞ്ഞ് മൈനസ് 4 ഡിഗ്രി സെൽഷ്യസാകും.
