വിദ്വേഷ കുറ്റകൃത്യങ്ങളുടെ സ്ഥിതി വിവരക്കണക്കുകള്‍ പുറത്തുവിട്ട് യു.എസിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍. അമേരിക്കയില്‍ വിദ്വേഷ അതിക്രമങ്ങള്‍ക്ക് ഇരയാവുന്നവരില്‍ 31ാം സ്ഥാനത്ത് ഹിന്ദുക്കള്‍, 16ാം സ്ഥാനത്ത് മുസ്ലിങ്ങള്‍, ആദ്യ സ്ഥാനങ്ങളില്‍ കറുത്ത വര്‍ഗക്കാരും ക്വിയര്‍ സമൂഹവും. മറ്റ് സമുദായങ്ങളെ അപേക്ഷിച്ച് ഹിന്ദുക്കള്‍ നേരിടുന്ന വിദ്വേഷ കുറ്റകൃത്യങ്ങള്‍ കുറവാണെന്ന് കണക്കുകള്‍ പറയുന്നു. കറുത്ത വര്‍ഗക്കാര്‍, ജൂത, ക്വിയര്‍ സമൂഹങ്ങള്‍ക്കെതിരായാണ് ഏറ്റവും കുടുതല്‍ അതിക്രമങ്ങള്‍ നടക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കുറ്റകൃത്യങ്ങളില്‍ 18 ശതമാനവും മതത്തിന്റെ പേരില്‍ നടന്ന അതിക്രമങ്ങളാണ്. 2021ലെ കണക്കനുസരിച്ച് ഉണ്ടായിരുന്ന 1613 കുറ്റകൃത്യങ്ങള്‍ 2022 ആയപ്പോഴേക്കും 2044 ആയി. 181 സിഖ് വിരുദ്ധ അതിക്രമങ്ങളും 158 മുസ്ലിം വിരുദ്ധ സംഭവങ്ങളുമാണ് ഉണ്ടായതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. വിദ്വേഷ കുറ്റകൃത്യങ്ങളില്‍ പകുതിയിലധികവും വംശത്തോടും വംശപരമ്പരയോടുമുള്ള വിരോധം മൂലമാണ് നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു.2022ല്‍ ഏകദേശം 6570 ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ നടന്നതായാണ് കണക്കുകള്‍ പറയുന്നത്. വംശം, മതം, ലൈംഗികത, വൈകല്യം, ലിംഗഭേദം, ലിംഗ സ്വത്വം എന്നിവയുടെ അടിസ്ഥാനത്തില്‍ 11,643 ക്രിമിനല്‍ സംഭവങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

മതാധിഷ്ഠിത വിദ്വേഷ കുറ്റകൃത്യങ്ങളില്‍ പകുതിയിലേറെയും ജൂത വിരുദ്ധ അതിക്രമങ്ങളാണെന്നും റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി യു.എസ് പ്രസിഡണ്ട് ജോ ബൈഡന്‍ പറഞ്ഞു. ക്വിയര്‍ വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങള്‍ 16 ശതമാനം വര്‍ധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. മുസ്‌ലിങ്ങളായ അമേരിക്കക്കാരും ആഫ്രിക്കന്‍ വംശജരായ അമേരിക്കക്കാരുമാണ് ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ക്ക് ഇരയാവുന്നതെന്നും ബൈഡന്‍ പറഞ്ഞു.
അതേസമയം വിദ്വേഷ കുറ്റകൃത്യങ്ങള്‍ അനുഭവിക്കുന്ന സമൂഹത്തില്‍ ഹിന്ദുമതം മുപ്പത്തിയൊന്നാം സ്ഥാനത്താണെന്നും, എന്നാല്‍ ഹിന്ദു വിരുദ്ധ കുറ്റകൃത്യങ്ങള്‍ 12 ല്‍ നിന്ന് 25 ആയി ഇരട്ടിക്കുന്നത് ആശങ്കാജനകവുമാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. യഹൂദര്‍, മുസ്‌ലിങ്ങൾ, അറബ് അമേരിക്കക്കാര്‍ എന്നിങ്ങനെയുള്ള സമൂഹങ്ങള്‍ നേരിടുന്ന ഭീഷണികള്‍ തടയുന്നതിന് മുന്‍ഗണന നല്‍കാന്‍ തന്റെ ടീമിലെ അംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബൈഡന്‍ പറഞ്ഞു.