ന്യൂഡൽഹി : മീഡിയ വൺ ചാനലിൻ്റെ സംപ്രേഷണ റദ്ദാക്കിയ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ ഉത്തരവിനെതിരെ നൽകിയ ഹർജിയിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിന് കത്തയച്ചു. ചാനൽ വിലക്കിന് കാരണമായ എല്ലാ രേഖകളും ഹാജരാക്കാൻ കോടതി നിർദേശിച്ചു. കേസ് മാർച്ച് 15 ചൊവ്വാഴ്ച പരിഗണിക്കും.
കേന്ദ്ര നടപടി ചോദ്യം ചെയ്ത് മാധ്യമം മാനേജ്‍മെന്റും എഡിറ്റർ പ്രമോദ് രാമനും ജീവനക്കാരും സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. ഹർജിയിലെ സ്റ്റേ ആവശ്യവും കോടതി ചൊവ്വാഴ്ച പരിഗണിക്കും. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഹൈക്കോടതി വിധി വന്നതിന് പിന്നാലെ മീഡിയ വണ്‍ ചാനല്‍ നിലവില്‍ അടച്ച് പൂട്ടിയിരിക്കുകയാണെന്ന് മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി കോടതിയില്‍ ചൂണ്ടിക്കാട്ടി. മുന്നൂറോളം വരുന്ന ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് ഉൾപ്പെടെ പ്രതിസന്ധിയിലാണ്. അതിനാൽ കോടതി ഇടപെടൽ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ചാനലിൻ്റെ സംപ്രേഷണ ലൈസന്‍സ് റദ്ദാക്കിയ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബഞ്ചും ശരിവച്ചതിന് പിന്നാലെയാണ് ചാനൽ സുപ്രീംകോടതിയെ സമീപിച്ചത്. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങൾ ഉള്ളതിനാലാണ് സുരക്ഷാ ക്ലിയറൻസ് നൽകാത്തത് എന്ന കേന്ദ്ര സർക്കാർ നിലപാട് അംഗീകരിച്ചാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിന്റെയും ഉത്തരവ്.
ചാനലിന് സംപ്രേഷണാനുമതി നിഷേധിക്കാന്‍ ഇടയായ സാഹചര്യം വിശദീകരിച്ച് , ആഭ്യന്തര മന്ത്രാലയത്തിലെ ഫയലുകള്‍ കേന്ദ്രം കോടതിയില്‍ ഹാജരാക്കിയിരുന്നു. രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് സംപ്രേഷണം തടഞ്ഞത് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വിശദീകരണം. അനുമതി നിഷേധിച്ചതിന്റെ കാരണങ്ങള്‍ പരസ്യപ്പെടുത്താന്‍ സാധിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഇന്റലിജൻസ് ബ്യുറോയുടെ ഫയലുകൾ പരിശോധിച്ചതിൽ നിന്നും ദേശസുരക്ഷയേയും രാഷ്ട്രത്തിന്റെ പരമാധികാരത്തേയും ബാധിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അനുമതി പുതുക്കാത്തതെന്നാണ് മനസിലാവുന്നതെന്ന സിംഗിൾ ബഞ്ചിന്റെ നിരീക്ഷണം ഡിവിഷൻ ബഞ്ച് അംഗീകരിച്ചു. ലൈസൻസ് നീട്ടാനാവില്ലെന്നും കോടതി വ്യക്തമാക്കി.