രണ്ടു വര്‍ഷത്തിലാദ്യമായി 1000 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി ചൈനീസ് നഗരം.ഒന്പത് മില്യണ്‍ ജനങ്ങള്‍ താമസിക്കുന്ന വടക്കുകിഴക്കന്‍ ചൈനയിലെ ചാങ്ചുന്‍ നഗരത്തിലാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2020 കോവിഡ് മഹാമാരി കണ്ടെത്തിയതിന് ശേഷം ഇപ്പോഴാണ് ചൈനയില്‍ കോവിഡ് കേസുകള്‍ 1000 കടക്കുന്നത്. ഈയാഴ്ച രാജ്യത്തെ പലയടിത്തും 1000ത്തിലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. മൂന്നാഴ്ച മുമ്പ് കേവലം നൂറില്‍ താഴെ ആളുകള്‍ക്കാണ് അസുഖമുണ്ടായിരുന്നത്.
ചാങ്ചുനില്‍ വര്‍ക്‌അറ്റ് ഹോം ഏര്‍പ്പെടുത്തുകയും കൂട്ട പരിശോധന നടത്തുകയും ചെയ്യുകയാണ്. ജിലിന്‍ പ്രവിശ്യയുടെ തലസ്ഥാനവും വ്യവസായ നഗരവുമായ ഇവിടുത്തെ വീടുകളില്‍നിന്ന് രണ്ടു ദിവസത്തിലൊരിക്കല്‍ ഒരാള്‍ക്ക് നിത്യോപയോക വസ്തുക്കാള്‍ വാങ്ങാന്‍ മാത്രം പുറത്തിറങ്ങാനാണ് അനുമതിയുള്ളത്. വെള്ളിയാഴ്ച 1369 പുതിയ കേസുകളാണ് നഗരത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഒമിക്രോണ്‍ വകഭേദമാണ് തീവ്രവ്യാപനത്തിന് വഴിയൊരുക്കിയിരിക്കുന്നത്.
പ്രത്യേക ലോക്ഡൗണുകളും പരിശോധനകളും കൊണ്ടുവന്ന് ഒമിക്രോണ്‍ ബാധ തടയാനുള്ള ശ്രമത്തിലാണ് ഷാങ്ഹായിലെയും മറ്റു പ്രധാന നഗരങ്ങളിലെയും അധികൃതര്‍. ഷാങ്ഹായിയിലെ സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറ്റിയിരിക്കുകയാണ്. ബീജിങിലെ പലയിടത്തും പൂര്‍ണമായോ ഭാഗികമായോ ലോക്ഡൗണുണ്ട്. 2019ല്‍ ചൈനയിലാണ് ലോകത്താദ്യമായി കോവിഡ് കണ്ടെത്തിയത്. തുടര്‍ന്ന് ബോര്‍ഡറുകള്‍ അടച്ചും കൂട്ട പരിശോധന നടത്തിയും ലോക്ഡൗണ്‍ കൊണ്ടു വന്നും ചൈന രോഗം നിയന്ത്രിക്കുകയായിരുന്നു.
ദീര്‍ഘകാല ലോക്ഡൗണുകള്‍ സാമ്പത്തികരംഗത്തെ ബാധിക്കുമെന്ന് ചൈനയുടെ കേന്ദ്ര എകണോമിക് പ്ലാനിങ് ഏജന്‍സി ഈയടുത്ത് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതര രാജ്യങ്ങളെ പോലെ കോവിഡിനൊത്ത് ജീവിക്കുകയാണ് വേണ്ടതെന്ന് ശാസ്ത്രഞ്ജര്‍ കഴിഞ്ഞാഴ്ച ഓര്‍മപ്പെടുത്തുകയും ചെയ്തിരുന്നു.