കീവ് : യുക്രെയ്‌നിൽ റഷ്യൻ പിന്തുണയുള്ള വിമതർക്കൊപ്പം മിഡിൽ ഈസ്റ്റിൽ നിന്നുള്ള 16,000 സന്നദ്ധ പോരാളികളെ യുക്രെയ്‌നിൽ യുദ്ധം ചെയ്യാൻ വിന്യസിക്കുന്നതിന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ അംഗീകാരം നൽകിയതായി റിപ്പോർട്ട്.
തുറമുഖ നഗരമായ മരിയൂപോളിൽ റഷ്യൻ സൈന്യം ബോംബാക്രമണം തുടർന്നു. യുക്രൈനിലെ റഷ്യന്‍ അധിനിവേശം മൂന്നാം ആഴ്ചയിലേക്ക് കടന്നതോടെ ആക്രമണം ശക്തമാക്കി റഷ്യയും പ്രതിരോധിച്ച് യുക്രൈനും. റഷ്യയുടെ വ്യോമ, ഷെല്ലാക്രമണങ്ങള്‍ രൂക്ഷമായതോടെ ബങ്കറുകളിലും മറ്റിടങ്ങളിലുമായി അഭയം പ്രാപിച്ച ലക്ഷക്കണക്കിന് സാധരണക്കാര്‍ കുടുങ്ങിക്കിടക്കുകയാണ്.
കീവ് നഗരത്തിൽ ഇപ്പോഴും രണ്ട് ദശലക്ഷത്തോളം ആളുകൾ അവശേഷിക്കുന്നുണ്ടെന്ന് മേയർ
കീവ് നഗരത്തിൽ ഇപ്പോഴും രണ്ട് ദശലക്ഷത്തോളം ആളുകൾ അവശേഷിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നതായി കീവ് മേയറും മുൻ ഹെവിവെയ്റ്റ് ബോക്‌സിംഗ് ചാമ്പ്യനുമായ വിറ്റാലി ക്ലിറ്റ്‌ഷ്‌കോ വെള്ളിയാഴ്ച പറഞ്ഞു.
ഏകദേശം 3.5 ദശലക്ഷം ആളുകൾ താമസിക്കുന്ന യുക്രൈനിയൻ തലസ്ഥാനത്ത് രണ്ടാഴ്ചകൾ നീണ്ടുനിൽക്കാൻ ആവശ്യമായ സുപ്രധാന സപ്ലൈകൾ ഉണ്ടെന്നും അകത്തേക്കും പുറത്തേക്കും വിതരണ ലൈനുകൾ ഇപ്പോൾ തുറന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്തെ ആപേക്ഷികമായി സുരക്ഷിതമായ ഇടങ്ങളിലേക്ക് കുടുംബത്തോടൊപ്പം പോയ ചില പുരുഷന്മാരും സ്ത്രീകളും നഗരത്തിന്റെ പ്രതിരോധത്തിൽ പങ്കെടുക്കാൻ മടങ്ങിവരുന്നുവെന്ന് ഹെവിവെയ്റ്റ് ബോക്സിംഗ് താരം കൂടിയായ അദ്ദേഹത്തിന്റെ സഹോദരൻ വ്‌ളാഡിമിർ സംയുക്ത അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.
റഷ്യ വിടുന്നതിന് വിദ്യാർത്ഥികൾക്ക് സുരക്ഷാ പ്രശ്നമില്ലെന്ന് ഇന്ത്യൻ എംബസി
റഷ്യയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ രാജ്യത്തെ ഇന്ത്യൻ എംബസി പുറത്തിറക്കി. വിദ്യാർത്ഥികൾ റഷ്യ വിടുന്നതിന് നിലവിൽ സുരക്ഷാ കാരണങ്ങളൊന്നും കാണുന്നില്ല എന്ന് മാർഗനിർദേശങ്ങളിൽ എംബസി ഉറപ്പു നൽകി.
സോവിയറ്റ് കാലഘട്ടത്തിലെ ഡ്രോൺ ക്രൊയേഷ്യയിൽ തകർന്നു വീണു
യുക്രൈനിൽ നിന്ന് ഹംഗറിക്ക് കുറുകെ പറന്ന, സോവിയറ്റ് കാലഘട്ടത്തിൽ നിന്നുള്ള സ്കൗട്ടിംഗ് ഡ്രോൺ ക്രൊയേഷ്യൻ തലസ്ഥാനമായ സാഗ്രെബിന് സമീപം തകർന്നുവീണതായി റിപ്പോർട്ട്. തകർന്നു വീണ ഇടത്ത് വലിയ ദ്വാരം സൃഷ്ടിച്ചതായി ക്രൊയേഷ്യൻ സർക്കാർ വെള്ളിയാഴ്ച അറിയിച്ചു. മരണമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല.
സാഗ്രെബിലെ ജറുൺ തടാകത്തിന് സമീപം രാത്രി 11 മണിയോടെ സ്‌ഫോടന ശബ്ദം കേട്ടതായി വ്യാഴാഴ്ച ക്രൊയേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ട് പാരച്യൂട്ടുകൾ കണ്ടെത്തിയതായും നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും പോലീസ് പറഞ്ഞു.
1,300 മീറ്റർ ഉയരത്തിൽ പറന്ന ഡ്രോൺ ഹംഗറിയിൽ നിന്ന് വന്ന് ക്രൊയേഷ്യയുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ച് ഏഴ് മിനിറ്റിനുള്ളിൽ തകർന്നുവീഴുകയായിരുന്നുവെന്ന് സർക്കാർ അറിയിച്ചു. ഹംഗറിയും ക്രൊയേഷ്യയും നാറ്റോ അംഗങ്ങളാണ്.
“പ്രാഥമിക വിവരമനുസരിച്ച്, ഡ്രോൺ യഥാർത്ഥത്തിൽ ഉക്രെയ്നിൽ നിന്നാണ് വന്നതെന്നും ഇന്ധനം തീർന്നതിനെത്തുടർന്ന് തകർന്നുവീഴുകയായിരുന്നുവെന്നും മനസ്സിലായതായി ക്രൊയേഷ്യൻ പ്രസിഡന്റ് സോറൻ മിലനോവിക് പറഞ്ഞു.
ഉപരോധം ഏർപ്പെടുത്തണമെന്ന് ഇസ്രായേലിനോട് യുക്രൈൻ
റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് ഇസ്രായേലിനോട് യുക്രൈൻ. കൂടുതൽ യുക്രൈനിയൻ അഭയാർത്ഥികളെ സ്വീകരിക്കുകയും പ്രതിരോധ ഉപകരണങ്ങൾ അയയ്ക്കുകയും ചെയ്തുകൊണ്ട് യുക്രൈനുള്ള പിന്തുണ വർദ്ധിപ്പിക്കണമെന്നും യുക്രൈന്റെ അംബാസഡർ ഇസ്രായേലിനോട് അഭ്യർത്ഥിച്ചു.
റഷ്യയുടെ യുക്രൈൻ അധിനിവേശത്തെ ഇസ്രായേൽ അപലപിക്കുകയും മാനുഷിക സഹായം അയയ്ക്കുകയും ചെയ്തു. എന്നാൽ സിറിയയിലെ ആക്രമണങ്ങളും ഇറാനുമായുള്ള അന്താരാഷ്ട്ര ആണവ ചർച്ചകളും അടക്കമുള്ളവയുമായി ബന്ധപ്പെട്ട് ഇസ്രായേലും റഷ്യയും ബന്ധം പുലർത്തിയിട്ടുണ്ട്.
ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് മാർച്ച് അഞ്ചിന് മോസ്കോയിൽ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യുക്രൈനിയൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കിയുമായി നിരവധി തവണ സംസാരിക്കുകയും ചെയ്തിരുന്നു.
പലായനം ചെയ്തത് 25 ലക്ഷം പേർ

രണ്ടാഴ്ചയിലേറെയായി റഷ്യൻ അധിനിവേശം തുടരുന്ന യുക്രൈൻിൽ നിന്ന് 25 ലക്ഷം പേർ പലായനം ചെയ്തതായി ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ. ദേശീയ സർക്കാരുകളിൽ നിന്നുള്ള, വെള്ളിയാഴ്ച രാവിലെ വരെയുള്ള വിവരങ്ങൾ പ്രകാരമാണ് ഈ കണക്കെന്ന് ഐഒഎം വക്താവ് പോൾ ഡിലൺ ഒരു സന്ദേശത്തിൽ പറഞ്ഞു. 15 ലക്ഷത്തിലധികം അഭയാർത്ഥികൾ അയൽരാജ്യമായ പോളണ്ടിലേക്ക് പോയിട്ടുണ്ടെന്നും ഏകദേശം 1,16,000 അഭയാർത്ഥികൾ യുക്രൈൻകാരല്ലെന്നും അവർ “വിവിധ രാജ്യങ്ങളിലെ പൗരന്മാരാണ്,” എന്നും അദ്ദേഹം പറഞ്ഞു.
യുക്രൈനുമായുള്ള ചർച്ചകളിൽ പുരോഗതിയെന്ന് പുടിൻ
യുക്രൈനുമായുള്ള റഷ്യയുടെ ചർച്ചകളിൽ ചില പുരോഗതിയുണ്ടെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു. എന്നാൽ വിശദാംശങ്ങളൊന്നും പുടിൻ നൽകിയിട്ടില്ല.
“ചില ഗുണകരമായ മാറ്റങ്ങൾ ഉണ്ട്, ഞങ്ങളുടെ ഭാഗത്തുള്ള ചർച്ചകൾ എന്നോട് പറയുന്നത് അതാണ്,” ബെലാറഷ്യൻ പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോയുമായുള്ള ഒരു മീറ്റിംഗിൽ പുടിൻ പറഞ്ഞു, “പ്രായോഗികമായി ദൈനംദിന അടിസ്ഥാനത്തിൽ” ചർച്ചകൾ തുടർന്നുവെന്നും പുടിൻ പറഞ്ഞു. ലുകാഷെങ്കോയുമായി കൂടുതൽ വിശദമായി ചർച്ച നടത്തുമെന്നും പുടിൻ പറഞ്ഞു.
യുക്രൈനിൽ 78 കുട്ടികളെങ്കിലും കൊല്ലപ്പെട്ടതായി മനുഷ്യാവകാശ ഓംബുഡ്‌സ് വുമൺ ലുഡ്‌മൈല ഡെനിസോവ
റഷ്യൻ അധിനിവേശത്തിന് ശേഷം യുക്രൈനിൽ കുറഞ്ഞത് 78 കുട്ടികളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഉക്രേനിയൻ മനുഷ്യാവകാശ ഓംബുഡ്‌സ് വുമൺ ലുഡ്‌മൈല ഡെനിസോവ പറഞ്ഞു. തെക്കൻ നഗരമായ മരിയുപോൾ, കിഴക്കൻ പട്ടണമായ വോൾനോവാഖ, കൈവ് മേഖലയിലെ ഇർപിൻ പട്ടണം എന്നിവിടങ്ങളിലെ യുദ്ധം അർത്ഥമാക്കുന്നത് ആ സ്ഥലങ്ങളിൽ എത്ര പേർ കൊല്ലപ്പെടുകയോ എത്രപേർക്ക് പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്ന് മനസ്സിലാക്കാൻ അധികാരികൾക്ക് കഴിഞ്ഞിട്ടില്ലെന്നാണെന്നും അവർ പറഞ്ഞു.