റിവർ ഈസ്റ്റ് ട്രാൻസ്‌കോണ സ്കൂൾ ഡിവിഷനിലെ ഗായകസംഘം വിദ്യാർത്ഥികൾ ചേർന്ന് മാനിറ്റോബയിലെ ആരോഗ്യ പ്രവർത്തർക്ക് ആദരമർപ്പിച്ചുകൊണ്ടു സംഗീത വീഡിയോ പുറത്തിറക്കി.
“ഞങ്ങളുടെ ഈ വർഷത്തെ ആദ്യത്തെ ഗായകസംഘം മീറ്റിംഗ് നടന്നപ്പോൾ തോന്നിയ കാര്യമായിരുന്നു ആരോഗ്യപ്രവർത്തകരെ ആദരിക്കണമെന്നുള്ളത്, അതിന്റെ ഭാഗമായാണ് ഇപ്പോൾ ഈ വീഡിയോ ഞങ്ങൾ പുറത്തിറക്കുന്നത് ” കിൽഡനൻ ഈസ്റ്റ് സംഗീത അദ്ധ്യാപിക ജാനറ്റ് ഐസക്-മാർട്ടെൻസ് പറഞ്ഞു.
കിൽഡൊനൻ ഈസ്റ്റ് കൊളീജിയറ്റ്, റിവർ ഈസ്റ്റ് കൊളീജിയറ്റ്, മർഡോക്ക് മക്കെ കൊളീജിയറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള 65 വിദ്യാർത്ഥികൾ സഹകരിച്ചുള്ള വെർച്വൽ വീഡിയോ മാസങ്ങൾ ചെലവഴിച്ചാണ് നിർമിച്ചത്.
“അവർ ആദരവ് അർഹിക്കുന്നുവെന്നും അവർ വിലമതിക്കപ്പെടുന്നുവെന്ന് അവരെ അറിയിക്കാനും വേണ്ടിയാണു ഇങ്ങനെ ഒരു ആശയം നടപ്പിലാക്കിയതെന്നു കിൽഡനൻ ഈസ്റ്റ് ഗ്രേഡ് 12 വിദ്യാർത്ഥി എയ്ഡൻ ഓർഡോണസ് പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരത്തെ കണക്കനുസരിച്ച്, ഒരാഴ്ച മാത്രം പിന്നിട്ടപ്പോൾ വീഡിയോയ്ക്ക് യൂട്യൂബിൽ 6,500-ലധികം വ്യൂവേഴ്‌സിനെ ലഭിച്ചു.
ക്ഷീണിതവും ദാരുണവുമായ ഒരു വർഷത്തിന് ശേഷം, നിരവധി ആരോഗ്യ പ്രവർത്തകരിൽ ഈ വീഡിയോ ആഴത്തിലുള്ള സ്വാധീനം ചെലുത്തിയിട്ടുണ്ട്. വിന്നിപെഗ് റീജിയണൽ ഹെൽത്ത് അതോറിറ്റിയിൽ ഈ വീഡിയോ പ്രചരിപ്പിച്ചതായും നിരവധി ആരോഗ്യ പ്രവർത്തകരുടെ ഹൃദയത്തെ സ്പർശിച്ചതായും വിന്നിപെഗ് റീജിയണൽ ഹെൽത്ത് അതോറിറ്റിയുടെ ആരോഗ്യ മെഡിക്കൽ ഓഫീസറായ ഡോ. പിയറി പ്ലോർഡെ പറയുന്നു.