ഡൽഹി : ഇന്ത്യന്‍ മിസൈല്‍ അബദ്ധത്തില്‍ പാകിസ്ഥാനില്‍ പതിച്ച സംഭവത്തില്‍ സംയുക്ത അന്വേഷണം ആവശ്യപ്പെട്ട് പാകിസ്ഥാന്‍. തന്ത്രപ്രധാനമായ ആയുധങ്ങള്‍ ഇന്ത്യ കൈകാര്യം ചെയ്യുന്നതിലെ ഗുരുതരമായ വീഴ്ചയാണ് സംഭവം സൂചിപ്പിക്കുന്നതെന്നും വസ്തുതകള്‍ കൃത്യമായി പുറത്തുവരാന്‍ സംയുക്ത അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനെയും പാകിസ്ഥാന്‍ നിലപാട് അറിയിച്ചു. ആഭ്യന്തര അന്വേഷണം മാത്രം നടത്താനുള്ള ഇന്ത്യയുടെ തീരുമാനം പര്യാപ്തമല്ലെന്നും പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. മിസൈല്‍ പതിച്ച സംഭവം ഗൗരവവവും സുരക്ഷാ സംബന്ധവും സാങ്കേതികവുമായ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്നും പാകിസ്ഥാന്‍ വ്യക്തമാക്കി. ഇത്രയും ഗുരുതരമായ വിഷയത്തില്‍ ഇന്ത്യന്‍ അധികൃതര്‍ ലളിതമായ വിശദീകരണം തൃപ്തികരമല്ലെന്നും പാകിസ്ഥാന്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് പാകിസ്ഥാനില്‍ ഇന്ത്യയുടെ മിസൈല്‍ വീണത്. പരീക്ഷണത്തിനിടെയാണ് അബദ്ധം സംഭവിച്ചതെന്നാണ് ഇന്ത്യയുടെ ഔദ്യോഗിക വിശദീകരണം. മാര്‍ച്ച് ഒമ്പതാം തീയതി അറ്റകുറ്റപണികള്‍ക്കിടെയുണ്ടായ സാങ്കേതിക തകരാറാണ് മിസൈല്‍ വിക്ഷേപണത്തിന് കാരണമെന്ന് വിശദീകരണക്കുറിപ്പില്‍ പറയുന്നു. വിഷയം വളരെ ഗൗരവത്തോടെ കാണുന്നുവെന്നും ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നുമാണ് സര്‍ക്കാര്‍ മറുപടി.
കഴിഞ്ഞ ദിവസം രാത്രിയാണ് പാകിസ്ഥാന്റെ ഇന്റര്‍ സര്‍വ്വീസസ് റിലേഷന്‍സിന്റെ മേജര്‍ ജനറല്‍ ബാബര്‍ ഇഫ്തിക്കാര്‍ ഇന്ത്യന്‍ മിസൈല്‍ പാകിസ്ഥാനില്‍ വീണതായി അവകാശപ്പെട്ടത്. സംഭവത്തില്‍ ഇന്ത്യന്‍ പ്രതിരോധന മന്ത്രാലയം ഖേദം പ്രകടിപ്പിച്ചു. ആര്‍ക്കും അപകടമുണ്ടാവാത്തതില്‍ ആശ്വാസമുണ്ടെന്നും പ്രതിരോധവകുപ്പ് കൂട്ടിച്ചേര്‍ത്തു. ഖാനേവാല്‍ ജില്ലയിലെ മിയാന്‍ ചന്നുവിലാണ് ഇന്ത്യയുടെ മിസൈല്‍ ചെന്ന് പതിച്ചത്. സ്‌ഫോടകവസ്തു ഘടിപ്പിക്കാത്ത മിസൈലാണ് അബദ്ധത്തില്‍ വിക്ഷേപിക്കപ്പെട്ടത്.