കൊൽക്കത്ത : മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ സൂപ്പീരിയർ ജനറലായി മലയാളിയായ സിസ്റ്റർ മേരി ജോസഫിനെ (71) തിരഞ്ഞെടുത്തു. സന്യാസ സഭയുടെ കൊൽക്കത്തയിലുള്ള മദർ ഹൗസിലാണ് തിരഞ്ഞെടുപ്പ് നടന്നത്. മദർ തെരേസയ്ക്ക് ശേഷമുള്ള മൂന്നാമത്തെ സുപ്പീരിയർ ജനറലായി തിരഞ്ഞെടുത്ത സിസ്റ്റർ മേരി ജോസഫ് ഈ പദവിയിൽ എത്തുന്ന ആദ്യ ഇന്ത്യക്കാരിയാണ്.
മിഷനറീസ് ഓഫ് ചാരിറ്റിയുടെ കേരളം ഉൾപ്പെടെയുള്ള ദക്ഷിണമേഖലയുടെ റീജനൽ സുപ്പീരിയറായി പ്രവർത്തിച്ച ശേഷമാണ് സുപ്പീരിയർ ജനറലായി എത്തുന്നത്. 13 വർഷമായി ഈ ചുമതല വഹിക്കുന്ന ജർമൻ സ്വദേശിയായ സിസ്റ്റർ മേരി പ്രേമയാണു നിലവിൽ മിഷനറീസ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയർ ജനറൽ. അനാരോഗ്യം മൂലം പദവി ഒഴിയാൻ അവർ ആഗ്രഹം പ്രകടപ്പിച്ചിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ നടന്ന തിരഞ്ഞെടുപ്പിൽ സിസ്റ്റർ മേരി ജോസഫിനെ സുപ്പീരിയർ ജനറലായി തിരഞ്ഞെടുത്തത്.
നേപ്പാളിൽ നിന്നുള്ള സിസ്റ്റർ നിർമല ജോഷിയാണ് മദർ തെരേസയ്ക്ക് ശേഷം ഈ സ്ഥാനം വഹിച്ചത്. 1997 മുതൽ 2009 വരെയായിരുന്നു ഇത്. തുടർന്നാണ് സിസ്റ്റർ മേരി പ്രേമ സൂപ്പീരിയർ ജനറൽ ആയി എത്തുന്നത്.
തൃശൂർ മാളയ്ക്ക് സമീപം പൊയ്യപാറയിൽ പരേതരായ ദേവസിയുടെയും കൊച്ചുത്രേസ്യയുടെയും മകളാണ് സിസ്റ്റർ മേരി ജോസഫ്. പൊയ്യ എകെഎം സ്കൂളിൽ നിന്ന് പഠനം പൂർത്തിയാക്കിയ ശേഷം 20–ാം വയസ്സിലാണ് സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയിൽ ചേരുന്നത്. മദർ തെരേസയോടൊപ്പവും സിസ്റ്റർ ജോലി ചെയ്തിട്ടുണ്ട്. പിന്നീട് ഫിലിപ്പീൻസ്, പോളണ്ട്, പാപുവ ന്യൂഗിനി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന കാലത്താണ് കൊൽക്കത്തയിൽ മടങ്ങിയെത്തിയത്. തുടർന്ന് കേരള റീജിയണിന്റെ മേലധികാരിയായി സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.
മിഷനറീസ് ഓഫ് ചാരിറ്റിയുടെ ആദ്യ കൗൺസിലറായി സിസ്റ്റര്‍ ക്രിസ്റ്റീനയെയും രണ്ടാം കൗൺസിലറായി സിസ്റ്റര്‍ സിസിലിയെയും സഭ തിരഞ്ഞെടുത്തു. സിസ്റ്റര്‍ മരിയ ജുവാന്‍, പാട്രിക് എന്നിവരാണ് മൂന്നും നാലും കൗൺസിലർമാർ.