Monday, November 3, 2025

ചൈനയോട് റഷ്യ ആയുധം ആവശ്യപ്പെട്ടെന്ന് യുഎസ്

റഷ്യയുടെ ഉക്രൈന്‍ അധിനിവേശം 20 -ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ റഷ്യ, ചൈനയോട് ആയുധങ്ങള്‍ ആവശ്യപ്പെട്ടതായി യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.

ലോകത്തില്‍ ആയുധശേഷിയില്‍ രണ്ടാം സ്ഥാനത്തുള്ള റഷ്യയെ 22 -ാം സ്ഥാനത്തുള്ള ഉക്രൈന്‍ യുദ്ധം തുടങ്ങി മൂന്ന് ആഴ്ച കഴിഞ്ഞും വലിയ രീതിയില്‍ പ്രതിരോധിക്കുകയാണ്. പ്രതിരോധം കനത്തതോടെ റഷ്യുടെ മുന്നേറ്റത്തിന്‍റെ വേഗം കുറഞ്ഞു. ഇതിനിടെയാണ് റഷ്യ, സുഹൃത്ത് രാജ്യമായ ചൈനയോട് ആയുധങ്ങള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഏത് തരം ആയുധങ്ങളാണ് ആവശ്യപ്പെട്ടതെന്നോ ആവശ്യപ്പെട്ട ആയുധങ്ങള്‍ കൈമാറാന്‍ ചൈന തയ്യാറാണോ എന്നുള്ള വിശദാംശങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. റഷ്യയുടെ ആവശ്യം പാശ്ചാത്യ ലോകത്ത് ഏറെ ആശങ്ക സൃഷ്ടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

റഷ്യയെ സഹായിക്കാൻ സൈനികമായി ചൈന തയ്യാറെടുക്കുന്നുണ്ടെന്ന സൂചനകൾക്കിടയിൽ യുഎസ് നാറ്റോ അടക്കമുള്ള തങ്ങളുടെ സഖ്യകക്ഷികൾക്ക് മുന്നറിയിപ്പ് നൽകാൻ തയ്യാറെടുക്കുന്നതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. ഇത് ലോകത്ത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉക്രൈനിലെ തങ്ങളുടെ നപടി യുദ്ധമോ അധിനിവേശമോ അല്ലെന്നും ‘പ്രത്യേക നടപടിക്രമം’ മാത്രമാണെന്നുമാണ് റഷ്യ ഇപ്പോഴും അവകാശപ്പെടുന്നത്.

എന്നാല്‍, റഷ്യയുടെത് നഗ്നമായ അധിനിവേശമാണെന്നാണ് പാശ്ചാത്യ രാജ്യങ്ങളുടെ നിലപാട്. റഷ്യ യുദ്ധമാരംഭിച്ചത് മുതല്‍ ഉപരോധങ്ങള്‍ ഉയര്‍ത്തി റഷ്യയെ ഒറ്റപ്പെടുത്താനുള്ള ശ്രമത്തിലാണ് യുഎസും യൂറോപ്യന്‍ യൂണിയനും. റഷ്യയ്ക്കെതിരെ ഉപരോധങ്ങള്‍ ശക്തമാക്കിയതോടെ ചൈന റഷ്യയുമായുള്ള സഹകരണം വര്‍ദ്ധിപ്പിച്ചിരുന്നു.

റഷ്യയുടെ അധിനിവേശം തുടങ്ങിയ സമയത്ത് ‘അത് യൂറോപ്പിന്‍റെ വിഷയ’ മാണെന്നായിരുന്നു ചൈനീസ് നിലപാട്. റഷ്യയുടെ ഉക്രൈന്‍ അക്രമണത്തെ അപലപിക്കാന്‍ ചൈന ഇതുവരെ തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ചര്‍ച്ചകളിലൂടെ പ്രശ്നപരിഹാരം കാണണമെന്ന് മാത്രമാണ് ചൈനയുടെ നിര്‍ദ്ദേശം.

‘ഉക്രെയ്‌ൻ അവസ്ഥയിൽ ചൈനയ്ക്ക് അഗാധമായ ഉത്കണ്ഠയും ദുഃഖവുമുണ്ടെന്നും എന്നാല്‍ റഷ്യയെ സഹായിക്കാൻ ചൈന തയ്യാറാണെന്നതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും വാഷിംഗ്ടണിലെ ചൈനീസ് എംബസി വക്താവ് ലിയു പെൻഗ്യു പറഞ്ഞു. സ്ഥിതിഗതികൾ ലഘൂകരിക്കുമെന്നും സമാധാനം നേരത്തെ തന്നെ തിരിച്ചെത്തുമെന്ന് ഞങ്ങൾ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

People gather for a ceremony to mark Unity Day in Kherson, Ukraine, on Wednesday, Feb. 16, 2022. The holiday was created by President Volodymyr Zelensky to note the day that U.S. intelligence said could mark the start of a Russian invasion. (Brendan Hoffman/The New York Times)

റഷ്യ ഏത് തരത്തിലുള്ള ആയുധമാണ് ആവശ്യപ്പെട്ടതെന്നോ എത്രയെന്നോ പറഞ്ഞിട്ടില്ലെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. വാര്‍ത്ത സംബന്ധിച്ച കൂടുതല്‍ സ്ഥിരീകരണത്തിനായി യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ ഇന്ന് റോമിൽ ചൈനയുടെ ഉന്നത നയതന്ത്രജ്ഞൻ യാങ് ജിയേച്ചിയുമായി കൂടിക്കാഴ്ച്ച നടത്തുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

യുഎന്നില്‍ ആരോപിക്കപ്പെട്ട യുദ്ധക്കുറ്റങ്ങളടക്കമുള്ള കുറ്റങ്ങളില്‍ നിന്നും റഷ്യയെ രക്ഷപ്പെടാൻ സഹായിക്കുന്നത് ഒഴിവാക്കണമെന്നും വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ ചൈനയ്ക്ക് മുന്നറിയിപ്പ് നൽകി.

ഉക്രൈനെതിരായ റഷ്യയുടെ യുദ്ധത്തെ തുടര്‍ന്ന് പ്രാദേശിക, ആഗോള സുരക്ഷയിൽ സംഭവിച്ച ആഘാതവും ചർച്ചാ വിഷയമാകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഉക്രൈനില്‍ റഷ്യന്‍ സേന പ്രയോഗിക്കുന്ന രാസ/ജൈവ ആയുധ ആക്രമണങ്ങൾ മറച്ച് വയ്ക്കുകയും യുദ്ധത്തെ കുറിച്ചുള്ള തെറ്റായ വിവരങ്ങൾ ചൈന പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്നും യുഎസ് ഉദ്യോഗസ്ഥർ ആരോപിച്ചു.

യുഎസ്, യൂറോപ്യൻ യൂണിയന്‍ വിപണിയിലേക്കുള്ള പ്രവേശനം ചൈനയ്ക്ക് ഏറെ പ്രധാനപ്പെട്ടതാണ്. എന്നിട്ടും അവര്‍ റഷ്യയെ പിന്തുണയ്ക്കുന്നു. റഷ്യയുമായി ‘പരിധികളില്ലാത്ത സൗഹൃദം’ പ്രഖ്യാപിക്കുന്നതിലാണ് ചൈനയ്ക്ക് താത്പര്യമെന്നും യുഎസ് ആരോപിച്ചു.

ചൈനയും റഷ്യയും തമ്മിലുള്ള വിപണി ബന്ധത്തെ കുറിച്ച് മുതിർന്ന ചൈനീസ് വിദേശനയ ഉപദേഷ്ടാവ് യാങ് ജിയേച്ചിയുമായി ചര്‍ച്ച നടത്തുമെന്ന് സള്ളിവൻ പറഞ്ഞു. ഉക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് യുഎസും യൂറോപ്യന്‍ യൂണിയനും റഷ്യയ്ക്കെതിരെ ശക്തമായ ഉപരോധമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

റഷ്യയ്ക്കെതിരെയുള്ള ഉപരോധം മറികടക്കാന്‍ ചൈന വിപണിയില്‍ ഇടപെട്ടാല്‍ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നും യുഎസ് മുന്നറിയിപ്പ് നല്‍കി. റഷ്യയുടെ ഉക്രൈൻ അധിനിവേശത്തെ അപലപിക്കാത്ത ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ചൈന.

ഉക്രൈനില്‍ 26 ബയോ ലാബുകള്‍ക്കും അനുബന്ധ സൗകര്യങ്ങള്‍ക്കും യുഎസ് സഹായം ചെയ്യുന്നുണ്ടെന്ന റഷ്യയുടെ ആരോപണം ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയാൻ ആവര്‍ത്തിച്ചു. എന്നാല്‍, ഇത്തരം ഒരു ആരോപണത്തെ പിന്തുണയ്ക്കുന്ന ഒരു വിവരവും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് യുഎന്‍ ആവര്‍ത്തിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!