ദുബായ് : തെക്കൻ ഇറാനിൽ വ്യാഴാഴ്ച പുലർച്ചെയുണ്ടായ ഭൂചലനത്തിൽ യുഎഇയിലും ഭൂചലനം അനുഭവപ്പെട്ടു. ചിലയിടങ്ങളില്‍ ശക്തമായ രീതിയില്‍ ഭൂമി കുലുക്കം അനുഭവപ്പെട്ടെങ്കിലും കാര്യമായ നാശനഷ്ടങ്ങളോ അത്യാഹിതങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
റിച്ചര്‍ സ്‌കെയിലില്‍ അഞ്ച് തീവ്രത അടയാളപ്പെടുത്തിയ ഭൂകമ്പമാണ് യുഎഇയില്‍ അനുഭവപ്പെട്ടതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പുലര്‍ച്ച 3.15ഓടെയാണ് യുഎഇയില്‍ ഭൂകമ്പം അനുഭവപ്പെട്ടത്. അഞ്ച് സെക്കൻഡോളം ഭൂചലനം അനുഭവപ്പെട്ടതായി താമസക്കാർ പറഞ്ഞു.
കിഴക്കൻ ഇറാനിലെ ഹൊര്‍മോസ്ഗന്‍ പ്രവിശ്യയില്‍ റിച്ചര്‍ സ്‌കെയിലില്‍ ആറ് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രതിഫലനമാണ് യുഎഇയുടെ ദുബായ്, ഷാര്‍ജ, അജ്മാന്‍ പ്രദേശങ്ങളില്‍ അനുഭവപ്പെട്ടത്. പല കെട്ടിടങ്ങളിലും ശക്തമായ കുലുക്കം അനുഭവപ്പെട്ടതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യുഎഇയിൽ വർഷത്തിൽ പലതവണ ചെറിയ ഭൂചലനങ്ങൾ അനുഭവപ്പെടുന്നുണ്ടെന്നും അവ ആശങ്കപ്പെടേണ്ട കാര്യമല്ലെന്നും ഒരു എൻസിഎം ഉദ്യോഗസ്ഥൻ മീസ് അൽ ഷംസി അറിയിച്ചു. ഈ വർഷം രാജ്യത്ത് ആദ്യമായാണ് ഭൂചലനം അനുഭവപ്പെടുന്നത്.
കഴിഞ്ഞ വർഷം ഒന്നിലധികം ചെറിയ ഭൂചലനങ്ങൾ രേഖപ്പെടുത്തിയിരുന്നു. നവംബറിൽ, ഇറാനിലെ ഇരട്ട ഭൂകമ്പങ്ങൾ യുഎഇയെ ബാധിച്ചു. ഇതേതുടർന്ന് താമസക്കാരുടെ സുരക്ഷയ്ക്കായി ചില കെട്ടിടങ്ങൾ ഒഴിപ്പിച്ചു.
“ഈ തുടർചലനങ്ങൾ എല്ലായ്പ്പോഴും വളരെ കുറവായിരിക്കും, എന്നാൽ മതിയായ ശക്തിയുണ്ടെങ്കിൽ അവ ചിലപ്പോൾ അനുഭവപ്പെടാം,” അൽ ഷംസി പറഞ്ഞു. ഭൂചലനം അനുഭവപ്പെടുമ്പോഴെല്ലാം പരിഭ്രാന്തരാകരുതെന്നും വീട്ടിലോ പുറത്തോ സുരക്ഷിതമായ സ്ഥലങ്ങളിൽ കഴിയണമെന്നും ഉദ്യോഗസ്ഥർ നിർദേശിച്ചു.