റഷ്യയുടെ നാലാമത്തെ ജനറലടക്കം 13 ഉന്നത സൈനിക ഓഫീസര്‍മാര്‍ കൊല്ലപ്പെട്ടതായി ഉക്രൈന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. ഇതോടെ യുദ്ധമുഖത്ത് ആയുധങ്ങളോടൊപ്പം ഉന്നത സൈനിക ഓഫീസര്‍മാരുടെ കനത്ത നഷ്ടം കൂടി റഷ്യയ്ക്ക് നേരിടേണ്ടി വരുന്നു.
വ്‌ളാഡിമിർ പുടിന്‍റെ നേരിട്ടുള്ള കമാൻഡിന് കീഴിലുള്ള എലൈറ്റ് സേനയിലെ ഏഴ് അംഗങ്ങൾക്കൊപ്പമാണ് ഉന്നത സൈനിക ജനറലും കൊല്ലപ്പെട്ടതെന്ന് ഉക്രൈന്‍ അവകാശപ്പെട്ടു. ഉക്രൈന്‍റെ തെക്കന്‍ നഗരമായ മരിയുപോളില്‍ പോരാടുകയായിരുന്ന റഷ്യന്‍ സൈന്യത്തിന്‍റെ 150 -ാമത് മോട്ടറൈസ്ഡ് റൈഫിൾ ഡിവിഷന്‍റെ കമാൻഡറായ മേജർ ജനറൽ ഒലെഗ് മിത്യേവ് ആണ് കൊല്ലപ്പെട്ട റഷ്യന്‍ ജനറല്‍. അദ്ദേഹത്തിന്‍റെ മൃതദേഹത്തിന്‍റെ ഫോട്ടോയും ഉക്രൈന്‍ പുറത്ത് വിട്ടു. റഷ്യയുടെ ഉക്രൈന്‍ അധിനിവേശം ഇരുപത്തിയൊന്നാം ദിവസം പൂര്‍ത്തിയാക്കുമ്പോഴേക്കും റഷ്യൻ സൈന്യത്തിന് നാല് ജനറല്‍മാരടക്കം മൊത്തം 13 ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ നഷ്ടപ്പെട്ടെന്നും ഉക്രൈന്‍ കൂട്ടി ചേര്‍ത്തു.
ഉക്രൈന്‍റെ അവകാശ വാദങ്ങളോട് ഇതുവരെ റഷ്യ പ്രതികരിച്ചിട്ടില്ല. റഷ്യ പുറത്ത് വിട്ട കണക്കുകള്‍ അനുസരിച്ച് ഇതുവരെ ഒരു ജനറലും 498 സൈനികരും മാത്രമാണ് നഷ്ടമായത്. എന്നാല്‍ 13 ഉന്നത സൈനിക ഉദ്യോഗസ്ഥരെ അടക്കം 13,500 സൈനികരെ വധിച്ചെന്ന് ഉക്രൈന്‍ അവകാശപ്പെടുന്നു. 4000 ത്തിനും 6000 ത്തിനും ഇടയില്‍ റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരിക്കാമെന്നാണ് യുഎസിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.