ആരാധകന്റെ വിചിത്രമായ പ്രതിഷേധത്തെ തുടർന്ന് എവർട്ടണും ന്യൂകാസിൽ യുണൈറ്റഡും തമ്മിൽ ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരം കുറച്ചു നേരത്തേക്ക് നിർത്തി വെക്കേണ്ടി വന്നു. മത്സരത്തിനിടയിൽ തന്റെ കഴുത്തു ഗോൾപോസ്റ്റിൽ കെട്ടിയിട്ട് ആരാധകൻ പ്രതിഷേധിച്ചതിന്റെ ഭാഗമായാണ് രണ്ടാം പകുതിയിൽ പ്രീമിയർ ലീഗ് മത്സരം നിർത്തി വെക്കേണ്ടി വന്നത്.
ഗൂഡിസൺ പാർക്കിലെ ഗ്ലാഡ്വിസ് സ്ട്രീറ്റ് എൻഡിലാണ് ആരാധകൻ ജസ്റ്റ് സ്റ്റോപ്പ് ഓയിൽ ഗ്രൂപ്പ് എന്ന സംഘടനയുടെ പ്രതിഷേധം അറിയിക്കുന്നതിനായി സ്വയം കെട്ടിയിട്ടത്. കെട്ടിയ കയർ ഊരി മാറ്റാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ ബോൾട്ട് കട്ടറുകളും കത്രികയും കൊണ്ടത് മുറിച്ചു മാറ്റുകയായിരുന്നു. പ്രതിക്ഷേധത്തെ തുടർന്ന് മത്സരം ഏഴു മിനുട്ടോളമാണ് നിർത്തി വെച്ചത്.
സ്വയം കെട്ടിയിട്ടു പ്രതിഷേധിച്ച യുവാവിനെ മാറ്റിയപ്പോൾ മറ്റൊരാൾ സ്റ്റേഡിയത്തിൽ നിന്നുമെത്തി പ്രതിഷേധിച്ചയാളുമായി സംഘർഷത്തിനു ശ്രമിക്കുകയുണ്ടായി. ഇവരെ മാറ്റിയതിനു ശേഷമാണ് മത്സരം പുനരാരംഭിച്ചത്. ഗോൾപോസ്റ്റിൽ കെട്ടിയിട്ടു പ്രതിഷേധിച്ച യുവാവിനു നേരെ സ്റ്റേഡിയത്തിലെ ആരാധകരും പ്രതിഷേധം ഉയർത്തിയിരുന്നു.
ജസ്റ്റ് സ്റ്റോപ്പ് ഓയിൽ എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ട് സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു രംഗത്തു വന്നിട്ടുണ്ട്. ഫോസിൽ ഫ്യൂവൽ വിതരണം ചെയ്യുന്ന എല്ലാ പ്രോജെക്റ്റുകളും സർക്കാർ നിർത്തലാക്കണം എന്ന ആവശ്യമുന്നയിച്ചാണ് യുവാവ് പ്രതിഷേധം നടത്തിയതെന്ന് അവർ വ്യക്തമാക്കി.
മത്സരത്തിൽ പത്തു പേരായി ചുരുങ്ങിയിട്ടും ഇഞ്ചുറി ടൈമിൽ അലക്സ് ഇവോബി നേടിയ ഗോളിൽ എവർട്ടൺ വിജയം നേടി. ഇതോടെ സീസണിൽ തരംതാഴ്ത്തൽ മേഖലയിൽ നിന്നും രക്ഷപ്പെടാമെന്ന പ്രതീക്ഷ എവർട്ടനുണ്ട്.