കീവ്: യുദ്ധത്തിൽ പരിക്കേറ്റവരെ പരിചരിക്കുന്നതിൽ വിദഗ്ധരായ സിറിയൻ ഡോക്ടർമാരുടെ സംഘം യുക്രെയ്നിലെത്തി. മോൺസർ യസ്ജിയുടെ നേതൃത്വത്തിലുള്ള ഈ സംഘം ഏതാനും ദിവസങ്ങളായി യുക്രെയ്നിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് ഏറ്റവും ആവശ്യമായ മരുന്നുകൾ നിർദേശിക്കുകയും താത്കാലിക ആശുപത്രികൾക്കുവേണ്ട മാർഗനിർദേശങ്ങൾ നല്കുകയുമാണ്.
ഭരണാധികാരിയായ ബഷാർ അൽ ആസാദിനെ സഹായിക്കാൻ 2015 മുതൽ റഷ്യൻസേന സിറിയയിൽ ഇടപെടുകയായിരുന്നു. അവിടത്തെ അനുഭവങ്ങൾക്കു സമാനമാണു യുക്രെയ്നിലും എന്ന് ഡോക്ടർമാർ പ്രതികരിച്ചു.
അണുശക്തി നിലയങ്ങൾ, ജലസംഭരണികൾ, വിദ്യാലയങ്ങൾ, ആശുപത്രികൾ എന്നിവയാണു റഷ്യൻസേന ആദ്യം തകർക്കുക. അങ്ങനെ ജനങ്ങളുടെ ആത്മവീര്യം തകർക്കും. നേരിട്ടുള്ള യുദ്ധത്തിനു തയാറല്ല. പട്ടണങ്ങളെ വളയുക, ഒറ്റപ്പെടുത്തുക എന്നിട്ട് മനുഷ്യത്വപരമായ ഇടനാഴികൾ വാഗ്ദാനം ചെയ്യുക; അങ്ങനെ ജനവാസകേന്ദ്രങ്ങളെ നിർജനമാക്കി കൈവശപ്പെടുത്തുക -ഇതാണു തന്ത്രം.
മരിയുപോളിൽ പരീക്ഷിക്കുന്ന ഈ തന്ത്രം സിറിയയിലെ ആലെപ്പോയിലും ഘുട്ടയിലും പരീക്ഷിച്ചതാണ്. സിവിലയന്മാരെ തൊടുകയില്ല എന്നു പറയുന്നതു വെറും പാഴ്വാക്കാണ്-ഡോ. യസ്ജി പറയുന്നു.
ജനങ്ങളെ ഒഴിപ്പിക്കാൻ റഷ്യൻസേന സിറിയയിൽ 2013-2017 വർഷങ്ങളിൽ 25 പ്രാവശ്യമെങ്കിലും വിഷവാതകം പ്രയോഗിച്ചതായി യുഎൻ കണ്ടെത്തിയിട്ടുണ്ട്.
യുക്രെയ്നിലും റഷ്യ രാസായുധം പ്രയോഗിക്കുമോ എന്ന ആശങ്കയുണ്ട്. 2018 ഏപ്രിൽ ഏഴിന് ഡമാസ്കസിനു സമീപമുള്ള ഡൂമാ പട്ടണത്തിൽ റഷ്യയുടെ വിഷവാതകപ്രയോഗമേറ്റ് 42 പേർ മരിക്കുകയുണ്ടായി.
അത്തരം വിപത്തുകൾ യുക്രെയ്നിലും ഉണ്ടായേക്കും-ഡോ. യസ്ജി കൂട്ടിച്ചേർത്തു. അമേരിക്കയിലാണ് ഡോ. യസ്ജി താമസിക്കുന്നത്.
വിദഗ്ധരായ സിറിയൻ ഡോക്ടർമാർ യുക്രെയ്നിൽ
Stay Connected
Must Read
Related News