ലണ്ടന്‍: അധിനിവേശം ആഴ്ചകള്‍ പിന്നിടുമ്പോഴും യുക്രെയ്ന്‍ വ്യോമമേഖലയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതില്‍ റഷ്യ പരാജയപ്പെട്ടതായി യു.കെ. റഷ്യയുടെ നിയന്ത്രണത്തിലുള്ള സുരക്ഷിതമായ വ്യോമമേഖലയില്‍നിന്നാണ് ഇപ്പോഴും സൈന്യം യുക്രെയ്നിലേക്ക് ആക്രമണം നടത്തുന്നതെന്നും യു.കെ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഞായറാഴ്ച അധിനിവേശം 25ാം ദിവസത്തിലേക്ക് കടന്നെങ്കിലും യുക്രെയ്നില്‍ റഷ്യക്ക് കാര്യമായ മുന്നേറ്റമുണ്ടാക്കാനായിട്ടില്ല.
യുക്രെയ്ന്‍ വ്യോമ സേനയും വ്യോമ പ്രതിരോധ സേനയും ശക്തമായ ചെറുത്തുനില്‍പാണ് നടത്തുന്നത്. അതേസമയം, 11 റഷ്യന്‍ അനുകൂല പാര്‍ട്ടികള്‍ക്ക് യുക്രെയ്നില്‍ പ്രസിഡന്‍റ് നിരോധനം ഏര്‍പ്പെടുത്തി. യുക്രെയ്ന്‍ പാര്‍ലമെന്‍റില്‍ പ്രതിനിധികളുള്ള രാജ്യത്തെ വലിയ റഷ്യന്‍ അനുകൂല പാര്‍ട്ടിയായ ഫോര്‍ ലൈഫിന് ഉള്‍പ്പെടെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. വീഡിയോ സന്ദേശത്തിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കൂടാതെ, അധിനിവേശം തുടങ്ങിയതു മുതല്‍ 1,500 റഷ്യന്‍ മീഡിയ ഔട്ട് ലെറ്റുകള്‍ക്കും യുക്രെയ്നില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. റഷ്യന്‍ ആക്രമണത്തെ അപലപിക്കാന്‍ ചൈന പശ്ചാത്യ രാജ്യങ്ങള്‍ക്കൊപ്പം ചേരണമെന്ന് യുക്രെയ്ന്‍ അഭ്യര്‍ഥിച്ചു. റഷ്യന്‍ ആക്രമണത്തില്‍ യുക്രെയ്നില്‍ ഇതുവരെ 847 സിവിലിയന്മാര്‍ കൊല്ലപ്പെട്ടതായി യു.എന്‍ വ്യക്തമാക്കി. 65 ലക്ഷം പേര്‍ പാലായനം ചെയ്തു. റഷ്യമായുള്ള വ്യാപാരത്തിന് യൂറോപ്യന്‍ യൂനിയന്‍ പൂര്‍ണ വിലക്കേര്‍പ്പെടുത്തണമെന്ന് പോളണ്ട് ആവശ്യപ്പെട്ടു.