ഹോങ്കോംഗ്: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് നിറുത്തി വച്ചിരുന്ന അന്താരാഷ്ട്ര വിമാനസർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചതായി ഹോങ്കോംഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കാരി ലാം അറിയിച്ചു. ഇന്ത്യ ഉൾപ്പെടെ ഒമ്പത് രാജ്യങ്ങളിൽ നിന്നുള്ള വിമാനസർവീസുകളുടെ വിലക്കാണ് പിൻവലിക്കുന്നത്. ഏപ്രിൽ ഒന്നു മുതലാണ് സർവീസുകൾ പുനരാരംഭിക്കുക.
ജനുവരി മാസത്തിൽ ഉയർന്ന തോതിൽ കൊവിഡ് വർദ്ധിച്ചതോടെയാണ് അപകടസാദ്ധ്യത കൂടിയ എട്ട് രാജ്യങ്ങളിൽ നിന്നുള്ള വിമാനസർവീസുകൾക്ക് ഹോങ്കോംഗ് ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തിയത്. ഫെബ്രുവരി മാസത്തിൽ നേപ്പാളിനും വിലക്കേർപ്പെടുത്തിയിരുന്നു.
അമേരിക്ക, ബ്രിട്ടൺ, ഫ്രാൻസ്, കാനഡ, പാകിസ്ഥാൻ, ഓസ്ട്രേലിയ, ഫിലിപ്പൈൻസ് എന്നിവയാണ് വിലക്കിനെ തുടർന്ന് സർവീസ് നിറുത്തി വച്ച മറ്റു രാജ്യങ്ങൾ. കൊവിഡ് തരംഗത്തിന്റെ വ്യാപ്‌തി കുറഞ്ഞതോടെയാണ് വീണ്ടും സർവീസുകൾ ആരംഭിക്കാൻ ഹോങ്കോംഗ് തീരുമാനിച്ചത്.