മനാമ : ബഹറൈനെതിരേയുള്ള സൗഹൃദ മത്സരത്തിൽ ഇന്ത്യക്ക് തോൽവി. 2-1 എന്ന സ്കോറിനായിരുന്നു ഇന്ത്യയുടെ തോൽവി.
ഇന്ത്യയുടെ ടച്ചോടെയായിരുന്നു മത്സരം തുടങ്ങിയത്. ആദ്യ പകുതിയിൽ ബഹറൈൻ ഇന്ത്യൻ ഗോൾ മുഖം ലക്ഷ്യമാക്കി അക്രമം നടത്തിക്കൊണ്ടിരുന്നു. കിട്ടുന്ന അവസരത്തിലെല്ലാം ഇന്ത്യ ബഹറൈൻ ഗോൾ മുഖത്ത് കൗണ്ടർ അറ്റാക്കും നടത്തി. പക്ഷെ ഇന്ത്യയുടെ മുന്നേറ്റങ്ങൾക്ക് മൂർച്ച കുറവായിരുന്നു. നിരന്തരമായി ബഹറൈൻ നടത്തിയ മുന്നേറ്റം ഒടുവിൽ വിജയം കണ്ടു. 37-ാം മിനുട്ടിൽ മുഹമ്മദൽ ഹർദാനിലൂടെ ബഹ്‌റൈൻ ലീഡ് നേടി. ആദ്യ പകുതിയുടെ ഇടവേളയിൽ ഇന്ത്യ ഒരു ഗോളിന് പിറകിലായിരുന്നു.
രണ്ടാം പകുതിയിൽ സമനില ഗോളിനായി ഇറങ്ങിയ ഇന്ത്യ 59-ാം മിനുട്ടിൽ ലക്ഷ്യം കണ്ടു. സുന്ദരമായൊരു ഹെഡറിലൂടെ രാഹുൽ ബേക്കയാണ് ഇന്ത്യക്ക് സമനില ഗോൾ സമ്മാനിച്ചത്. സമനില നേടിയതോടെ ഇന്ത്യ ആത്മവിശ്വാസം വീണ്ടെടുത്തു. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ചെങ്കിലും 88-ാം മിനുട്ടിൽ ബഹറൈൻ രണ്ടാം ഗോളും നേടി. മുഹമ്മദൽ ഹുമൈദാനായിരുന്നു ബഹറൈന് വേണ്ടി ഗോൾ നേടിയത്.
മലയാളി താരം വി.പി സുഹൈർ ആദ്യ ഇലവനിൽ ഇടം നേടിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ ഹോർമിപാം, പി.എസ് ഗിൽ എന്നിവർ ബെഞ്ചിലായിരുന്നു. 26-ന് ബലാറസിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.